ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കിരീടം സെനഗലിന് നഷ്ടമായി. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അപ്പീൽ ബോർഡ് സെനഗലിനെ അയോഗ്യരാക്കുകയും മൊറോക്കോയെ 3-0ന് വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഫൈനല്‍ നടന്ന് രണ്ടുമാസത്തിനു ശേഷമാണ് കോൺഫെഡറേഷന്റെ നടപടി.

ജനുവരി 18ന് നടന്ന ഫൈനലിന്റെ അധികസമയത്ത് പാപ്പെ ഗയെ നേടിയ ഗോളിൽ സെനഗൽ 1-0ന് വിജയിച്ചിരുന്നു. എന്നാൽ, മല്‍സരത്തിനിെട മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചതിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ 10 മിനിറ്റിലധികം കളം വിട്ടുനിന്നതാണ് കിരീടം റദ്ദാക്കാൻ കാരണമായത്. മൊറോക്കോയുടെ ആദ്യ പരാതി  അച്ചടക്ക സമിതി തള്ളിയിരുന്നെങ്കിലും അപ്പീൽ ബോർഡ് അനുകൂല വിധി പുറപ്പെടുവിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു ഇതുസംബന്ധിച്ച തീരുമാനം പുറത്തുവന്നത്. 

സെനഗൽ ടീമിന്റെ നടപടി ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ചട്ടങ്ങളിലെ 82, 84 വകുപ്പുകളുടെ ലംഘനമാണെന്ന് വിധിയിൽ പറയുന്നു. ഈ വകുപ്പുകൾ പ്രകാരം, ഏതെങ്കിലും കാരണവശാൽ ഒരു ടീം കളിക്കാൻ വിസമ്മതിക്കുകയോ റഫറിയുടെ അനുമതിയില്ലാതെ മത്സരം പൂർത്തിയാകും മുൻപ് മൈതാനം വിടുകയോ ചെയ്താൽ ആ ടീമിനെ പരാജിതരായി കണക്കാക്കുകയും ടൂർണമെന്റിൽനിന്ന് പൂർണമായി പുറത്താക്കുകയും ചെയ്യും.

ഫൈനലില്‍ നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, സ്റ്റോപ്പേജ് ടൈമിന്റെ അഞ്ചാം മിനിറ്റിൽ കോർണർ പ്രതിരോധിക്കുന്നതിനിടെ സെനഗൽ താരം ദിയൂഫ്, മൊറോക്കോയുടെ ബ്രാഹിം ഡിയാസിനെ പിടിച്ചുവലിച്ചിട്ടതിന് റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് സെനഗൽ ടീം കളം വിട്ടിറങ്ങിയത്.

വിഡിയോ പുനപരിശോധനയ്ക്ക് ശേഷമാണ് പെനല്‍റ്റി വിധിച്ചത്. റഫറി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ ഒഫീഷ്യലുകളും കളിക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പെനൽറ്റി തീരുമാനം വന്നതോടെ സെനഗൽ താരങ്ങൾ കളം വിടുകയായിരുന്നു. കളിക്കാരോട് കളം വിടാൻ നിർദേശിച്ചത് സെനഗൽ കോച്ച് പാപ്പെ ബൗന തിയാവായിരുന്നു. എന്നാൽ, ടീമിന്റെ സൂപ്പർ താരം സാദിയോ മാനെയാണ് അവരെ അനുനയിപ്പിച്ച് തിരിച്ചെത്തിച്ചത്. പിന്നാലെ മൊറോക്കോ താരം ബ്രാഹിം ഡിയാസ് പെനല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു.  അധികസമയത്ത് നേടിയ ഏക ഗോളിലാണ് സെനഗല്‍ കിരീടം നേടിയത്. കളിക്കാരെ തിരിച്ചുവിളിച്ചതിന് സെനഗല്‍ കോച്ച് തിയാവിനെ പിന്നീട് സസ്പെൻഡ് ചെയ്തു.  അപ്പീല്‍ വിധിയോടെ ആദ്യ കിരീടനേട്ടത്തിന് 50 വർഷങ്ങൾക്കിപ്പുറം മൊറോക്കോ രണ്ടാം തവണയും ആഫ്രിക്കൻ ചാംപ്യന്‍മാരായി.

ENGLISH SUMMARY:

Senegal has been disqualified from the Africa Cup of Nations, with Morocco declared the winners after a controversial penalty incident. This decision, made by the Confederation of African Football Appeal Board, overturns Senegal's initial victory in the final match.