ഈ ഡിസംബറിൽ വിരമിച്ചേക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മർ. ബ്രസീലിയന്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. "ഓരോ വർഷവും മുൻപിൽക്കണ്ടാണ് ഞാൻ ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇനി എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അടുത്ത വർഷം എന്തായിരിക്കുമെന്നും അറിയില്ല," അദ്ദേഹം പറഞ്ഞു.

"ഈ ഡിസംബറോടെ ഒരുപക്ഷേ ഞാൻ വിരമിച്ചേക്കും. എനിക്കറിയില്ല, എന്റെ ഹൃദയം എന്ത് തീരുമാനിക്കുന്നുവോ അതായിരിക്കും അന്തിമം." ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബ്രസീല്‍ മനസുതുറന്നു. ലോകകപ്പ് വരാനിരിക്കുന്നതിനാൽ ഈ വർഷം ബ്രസീൽ ദേശീയ ടീമിനും തനിക്കും വളരെ പ്രധാനപ്പെട്ടതാണെന്നും നെയ്മര്‍ പറഞ്ഞു. കളിക്കളത്തിൽ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന് മുൻപായി ബ്രസീൽ ദേശീയ ടീമിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ പൂർണ കായികക്ഷമത വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് നെയ്മര്‍.

2023നു ശേഷം ബ്രസീൽ ടീമിൽ ഇടംപിടിക്കാന്‍ നെയ്മാറിനായിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ നെയ്മാറിനെ ടീമിലേക്ക് പരിഗണിക്കൂ എന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയിരുന്നു. ബ്രസീലിയൻ ഫുട്ബോൾ ക്ലബ് സാന്റോസുമായുള്ള കരാർ കഴിഞ്ഞമാസം നെയ്മാര്‍ പുതുക്കിയിരുന്നു. 2025 ജനുവരിയിൽ സാന്റോസിൽ എത്തിയ നെയ്മാറിന് പരുക്കുമൂലം പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നിരുന്നു.

ENGLISH SUMMARY:

Neymar is considering retirement this December, as revealed in a recent interview. He mentioned that his decision will be based on what his heart dictates and aims to regain full fitness to play for the Brazil national team, especially with the World Cup approaching.