ചാംപ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിനെതിരായ മല്‍സരത്തില്‍ അവിശ്വസനീയ ഹെഡറിലൂടെ ബെന്‍ഫിക്കയുടെ വിജയനായകനായ ഗോള്‍ കീപ്പര്‍ അനറ്റോലി ട്രൂബിനാണ് ഇന്ന് യുക്രെയ്ന്റെ ഹീറോ. റയലിനെ പ്ലേ ഓഫിലേക്ക് ഒതുക്കിയ ട്രൂബിന്‍, ഗോള്‍ സമര്‍പ്പിക്കുന്നതും അവസാനം വരെ പോരാടാന്‍ അറിയുന്ന യുക്രെയ്ന്‍കാര്‍ക്ക് വേണ്ടിയാണ്.
ലിസ്ബണില്‍ റയല്‍ മഡ്രിഡിന്റെ വിധിയെഴുതിയ നാലാം ഗോള്‍. ഏതൊരു സ്ട്രൈക്കറും കൊതിക്കുന്ന കൃത്യതയോടെ, റയൽ ഗോളി തിബോ കോർട്ടോയെ നിസ്സഹായനാക്കി ട്രൂബിൻ തൊടുത്ത ഉജ്വലമായ ഡൗൺവേഡ് ഹെഡർ റയലിന്റെ വലയിൽ പതിച്ചു.
മല്‍സരത്തിന്റെ 98–ാം മിനിറ്റില്‍ മൈതാനത്തിന്റെ അങ്ങേത്തലക്കല്‍ നിന്ന് എതിരാളിയുടെ പെനല്‍റ്റി ബോക്സിലേക്ക് ഓടിയെത്തിയാണ് ട്രൂബിൻ ബെന്‍ഫിക്കയെ പ്ലേ ഓഫിലേക്കെത്തിച്ചത്. ബെൻഫിക്ക മല്‍സരത്തില്‍ 3-2ന് മുന്നിലായിരുന്നു. എന്നാൽ ഗോള്‍വിത്യാസത്തില്‍ മാഴ്സെയെ മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരു ഗോള്‍ കൂടി വേണമായിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഒരു വർഷത്തിനു ശേഷം 2023-ലാണ് ഷാക്തറില്‍ നിന്ന് ട്രൂബിൻ ബെൻഫിക്കയിലെത്തിയത്. ഗോള്‍ സമര്‍പ്പിക്കുന്നതും യുക്രെയ്ന്‍കാര്‍ക്ക് വേണ്ടി.