എഎഫ്സി ചാംപ്യന്‍സ് ലീഗ്2 മല്‍സരങ്ങള്‍ക്കായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ത്യയിലെത്താന്‍ കുരുക്കായി കരാര്‍ വ്യവസ്ഥ. എഫ്സി ഗോവയുടെ ഹോം മല്‍സരത്തിനായി അല്‍ നാസര്‍ ഗോവയിലെത്തുമെങ്കിലും ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകുമോ എന്നതാണ് സംശയം. എഎഫ്സി ചാംപ്യന്‍സ് ലീഗ്2 വില്‍ അല്‍ നസറും ഇറാന്‍ ക്ലബ് അല്‍ സവ്റ എസ്‍സിയും തജസ്ക്കിസ്ഥാന്‍ ക്ലബ്  എഫ്‌സി ഇസ്തിക്ലോളും അടങ്ങുന്ന ഗ്രൂപ്പിലാണ് എഫ്സി ഗോവ. 

ഒക്ടോബര്‍ 22 നാണ് അല്‍ നസറുമായുള്ള എഫ്സി ഗോവയുടെ ഹോം മല്‍സരം. നവംബര്‍ അഞ്ചിനാണ് സൗദിയില്‍ ഗോവയുടെ മല്‍സരം.  ക്രിസ്റ്റ്യാനോയ്ക്ക് താല്‍പര്യമില്ലെങ്കില്‍ ടീമിന്‍റെ എവേ മല്‍സരങ്ങള്‍ ഒഴിവാക്കാം എന്നാണ് അല്‍ നസറുമായുള്ള കരാര്‍. ഈ നിബന്ധനയുള്ളതിനാല്‍ അല്‍– നസറിനൊപ്പം ക്രിസ്റ്റ്യാനോ ഗോവയിലെത്തുമോ എന്നതില്‍ ഉറപ്പില്ല. ക്രിസ്റ്റ്യോനോയുടെ സാന്നിധ്യം മല്‍സരത്തിന് അടുത്ത ദിവസങ്ങളിലെ ഉറപ്പിക്കാനാകൂ. 

അല്‍ നസറിന്‍റെ ഹോം മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ ഇന്ത്യന്‍ ക്ലബിനെതിരെ കളിക്കും. അല്‍ നസറില്‍ ചേര്‍ന്ന ശേഷം എഎഫ്സി മല്‍സരങ്ങള്‍ ക്രിസ്റ്റ്യാനോ പൊതുവെ ഒഴിവാക്കിയിട്ടില്ല. പരുക്കോ, ക്ലബ് ഷെഡ്യൂളിങ്, സ്ക്വാഡ് റൊട്ടേഷന്‍ പോലുള്ള സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോ മല്‍സരങ്ങള്‍ ഒഴിവാക്കിയത്. കൂടാതെ അല്‍ നസറിന് നോക്കൗട്ട് റൗണ്ട് കടക്കാന്‍ ജയം അനിവാര്യമായതിനാല്‍ സൂപ്പര്‍ താരത്തെ ഉപയോഗപ്പെടുത്തുമോ എന്നതും കണ്ടറിയണം. 

രണ്ടാം തവണയാണ് എഫ്.സി ഗോവ എഎഫ്സി ചാംപ്യന്‍സ് ലീഗ് കളിക്കുന്നത്. സൂപ്പർ കപ്പ് ചാമ്പ്യന്മാരായാണ് എഫ്‌സി ഗോവ ഇത്തവണ ടൂർണമെന്റിലേക്ക് എത്തിയത്. പ്ലേ ഓഫില്‍ ഒമാന്റെ അൽ സീബ് ക്ലബ്ബിനെ 2-1 ന് തോൽപ്പിച്ചാണ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് എഫ്സി ഗോവ യോഗ്യത ഉറപ്പിച്ചത്. നേരത്തെ 2023 ല്‍ എഫ്സി ബ്രസീലിയന്‍ താരം നെയ്മറിന്‍റെ ക്ലബായ അല്‍ ഹിലാലും മുംബൈ സിറ്റി എഫ്സിയും ചാംപ്യന്‍സ് ലീഗില്‍ മല്‍സരിച്ചിരുന്നു. അന്ന് പരിക്കേറ്റതിനെ തുടര്‍ന്ന് നെയ്മറിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. 6-0 ത്തിന് അന്ന് മുംബൈ സിറ്റി തോറ്റത്.

ENGLISH SUMMARY:

Cristiano Ronaldo's India visit for the AFC Champions League is uncertain due to a contract clause. Whether he will join Al Nassr in Goa for the match against FC Goa remains to be seen.