സിദാന്‍റെ മകന് പിന്നാലെ എംബാപ്പെയുടെ സഹോദരനെയും സ്വന്തമാക്കാന്‍ അള്‍ജീരിയ ഫുട്ബോള്‍ ടീം. 19 കാരനായ മിഡ്ഫീൽഡർക്ക് മൂന്ന് രാജ്യങ്ങളുടെ പൗരത്വമുണ്ട്. അൾജീരിയയുടെ ക്ഷണം സ്വീകരിച്ചാൽ, 2026 ലോകകപ്പിൽ എംബാപ്പെമാര്‍ നേര്‍ക്കുനേരെത്തിയേക്കാം.
ഫ്രഞ്ച് ദേശീയ ടീമിന് പകരം അൾജീരിയയ്ക്ക് വേണ്ടി കളിക്കുന്നതിന്‍റെ സാധ്യതകൾ അന്വേഷിച്ച്, കൗമാരതാരം ഈതന്‍ എംബാപ്പെയുടെ ഏജന്‍റും അമ്മയുമായ ഫൈസലമാരിയുമായി അൾജീരിയൻ ഫുട്ബോൾ ഫെഡറേഷനുമായി ചര്‍ച്ചനടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈതന്‍ എംബാപ്പെയ്ക്ക് ഫ്രാന്‍സിന് പുറമെ അമ്മയുടെ ജന്‍മനാടായ അൾജീരിയ, പിതാവ് വിൽഫ്രഡ് എംബാപ്പെയുടെ നാടായ കാമറൂൺ എന്നീ രാജ്യങ്ങള്‍ക്കായും ഫുട്ബോള്‍ കളിക്കാന്‍ യോഗ്യതയുണ്ട്. പിഎസ്ജിയിൽ പരിശീലനം നേടുകയും ഇപ്പോൾ ലിൽ ക്ലബ്ബിനായി കളിക്കുകയും ചെയ്യുന്ന ഈതൻ , യുവ തലമുറയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന മധ്യനിര താരങ്ങളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
അടുത്തവര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടിയതോടെ, യൂറോപ്പിൽ കളിമികവ് തെളിയിച്ച അൾജീരിയൻ വംശജരായ താരങ്ങളെ ദേശീയ ടീമിൽ തിരികെയെത്തിക്കാൻ അൾജീരിയൻ ഫുട്ബോൾ ഫെഡറേഷൻ നീക്കംതുടങ്ങിയിരുന്നു. എന്നാൽ, ഫെഡറേഷന്‍റെ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞമാസമാണ് ഗോള്‍കീപ്പര്‍ ലൂക്ക സിദാന്‍ അള്‍ജിരിയയ്ക്കായി അരങ്ങേറ്റം കുറിച്ചത്.