കിലിയന്‍ എംബാപ്പെയും മുന്‍ ക്ലബ് പിഎസ്ജിയും തമ്മിലുള്ള പോര് കോടതിയിൽ. ഇരുപക്ഷവും കോടികളുടെ സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചതോടെ തർക്കം രൂക്ഷമായി. കേസിൽ അടുത്ത മാസം കോടതി വിധി പറയും.
ശമ്പളക്കുടിശിക സംബന്ധിച്ച തർക്കമാണ് കിലിയന്‍ എംബാപ്പെയും പിഎസ്ജിയും തമ്മിൽ നിലനിൽക്കുന്നത്. ഹിയറിങ്ങിന് ഹാജരാകാതിരുന്ന എംബാപ്പെ, ക്ലബ് തനിക്ക് 520 കോടി രൂപ നൽകാനുണ്ടെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ 2450 കോടി രൂപയാണ്, നഷ്ടപരിഹാരം ഉള്‍പ്പടെ താരം ആവശ്യപ്പെടുന്നത്.
മാനസിക പീഡനം, ക്ലബ്ബിന്റെ ഭാഗത്തുനിന്നുണ്ടായ വിശ്വാസലംഘനം, സുരക്ഷാവീഴ്ച എന്നിവയ്ക്കും എംബാപ്പെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. അതേസമയം, പിഎസ്ജി, എംബാപ്പെയിൽ നിന്ന് 4150 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
കരാർ പുതുക്കില്ലെന്ന തീരുമാനം എംബാപ്പെ മറച്ചുവെച്ചു, ഇതുവഴി താരത്തെ ട്രാൻസ്ഫറിലൂടെ വിൽക്കാനുള്ള അവസരം നഷ്ടമായെന്നാണ് പിഎസ്ജിയുടെ വാദം. സൗദി ക്ലബ് അൽ ഹിലാലിന്‍റെ 300 ദശലക്ഷം യൂറോയുടെ വാഗ്ദാനം നിരസിച്ച് ഫ്രീ ഏജന്‍റായി റയല്‍ മാഡ്രിഡിലേക്ക് പോയതിനാല്‍ നഷ്ടപരിഹാരം വേണമെന്നും പിസ്ജി വാദിക്കുന്നു.