ലയണൽ മെസിയുടെ അർജന്‍റീന നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന് അർജന്‍റൈന്‍ മാധ്യമം ലാ നാസിയോൺ. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന പുരുഷ ഫുട്ബോൾ ടീമിന്‍റെ നവംബറിലെ കേരള സന്ദർശനം റദ്ദാക്കിയതായി ജനപ്രിയ സ്പാനിഷ് ഭാഷാ മാധ്യമം ഇന്നലെയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ നിശ്ചയിച്ച സമയത്ത് അർജന്‍റീന ടീം കേരളത്തിലെത്തുമെന്നും കൊച്ചിയിൽ കളിക്കുമെന്നും കേരളത്തിലെ സ്പോൺസേഴ്സ് ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനി മലയാള മനോരമയോട് പറഞ്ഞു.
കേരളക്കരയാകെ പ്രതീക്ഷയോടെ കാത്തിരുപ്പിലാണ്. കൊച്ചിയിൽ അർജന്‍റീന- ഓസ്ട്രേലിയ സൗഹൃദമത്സരം കാണാൻ. തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നുവെന്നും ബാക്കി കാര്യങ്ങളെല്ലാം സ്പോൺസേഴ്സ് പറയുമെന്നുമുള്ള കായിക മന്ത്രിയുടെ ഉറപ്പ് ആ പ്രതീക്ഷ ജ്വലിപ്പിക്കുന്നു. എന്നാൽ അർജന്‍റീന നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന് അർജന്‍റൈൻ മാധ്യമം ലാ നാസിയോൺ പറയുന്നു.
അടുത്ത ഫിഫ വിൻഡോയിൽ, അതായത് നവംബർ 10-18 തീയതികളിലെ ദേശീയ ടീമിന്റെ മത്സരങ്ങളെക്കുറിച്ച് പറഞ്ഞ അർജന്റീന ഫുട്ബോൾ അസോസിയേഷന്‍റെ ഒരു റിപ്പോർട്ടിലാണ് ലാനാസിയോണിന്‍റെ പരാമർശം. നവംബറിൽ മത്സരം സാധ്യമാക്കാൻ തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്തു. പ്രതിനിധി സംഘം ഇന്ത്യയിലേക്ക് പോയി. ഫീൽഡ്, ഹോട്ടൽ സന്ദർശനവും കൂടിക്കാഴ്ച്ചയും. പക്ഷേ ഒടുവിൽ, ഇന്ത്യയ്ക്ക് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല എന്ന് എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോൺ റിപ്പോർട്ട് ചെയ്യുന്നു.
ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി ലാ നാസിയോൺ. പുതിയ തീയതി കണ്ടെത്തുന്നതിനായി കരാർ പുനഃക്രമീകരിക്കുകയാണ് തങ്ങൾ ചെയ്യാൻ പോകുന്നത്. അടുത്ത വർഷം മാർച്ചിൽ നിർദ്ദിഷ്ട സൗഹൃദ മത്സരം പുനഃക്രമീകരിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും ലാ നാസിയോൺ കൂട്ടിച്ചേർത്തു. മത്സരത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുണ്ടെന്ന് പ്രശസ്ത അർജന്‍റീനിയൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുലും സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ മാസം, എ.എഫ്.എ പ്രതിനിധി ഹെക്ടർ ഡാനിയേൽ കാബ്രേര, സൗഹൃദ മത്സരത്തിനുള്ള വേദിയായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്താൻ കൊച്ചിയിലെത്തിയിരുന്നു. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ കാബ്രേരയെ സ്റ്റേഡിയത്തിൽ വെച്ച് കാണുകയും മത്സരം ഷെഡ്യൂൾ പ്രകാരം നടന്നുവെന്ന് ഉറപ്പുനൽകുകയും ചെയ് തിരുന്നു.