ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോര്‍ച്ചുഗലിന് സമനില. ഹംഗറിയോട് 2-2നാണ് സമനില പിടിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ ആതിഥേയർ മുന്നിലെത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ ഹംഗറി സമനില പിടിച്ചു. ഇരട്ട ഗോളോടെ ലോകകപ്പ് യോഗ്യതാമല്‍സരങ്ങളില്‍ കൂടുതല്‍ ഗോളടിക്കുന്ന താരമായി റൊണാള്‍ഡോ.
മല്‍സരം സ്വന്തം തട്ടകത്തിലായിരുന്നിട്ടും പോര്‍ച്ചുഗല്‍ ഹംഗറിക്ക് മുന്നില്‍ പതറി. ആദ്യം ലീഡ് നേടിയത് ഹംഗറി. ആ ലീഡ‍് മറികടക്കാന്‍ 14 മിനിറ്റ് വേണ്ടിവന്നു. റൊണാള്‍ഡോ ആയിരുന്നു സ്കോറര്‍. 22-ാം മിനിറ്റിൽ നേടിയ ഈ ഗോളോടെ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് റൊണാള്‍ഡോ സ്വന്തമാക്കി. ഗ്വാ
ട്ടിമാലയുടെ മുന്‍ താരം കാർലോസ് റൂയിസിന്റെ 39 ഗോള്‍ റെക്കോര്‍ഡാണ് മറികടന്നത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റൊണാള്‍ഡോ തന്നെ പോര്‍ച്ചുഗലിന് ലീഡ് സമ്മാനിച്ചു. ഇതോടെ 50 യോഗ്യതാമല്‍സരങ്ങളില്‍ നിന്ന് 41 ഗോള്‍ നേടി റൊണാള്‍ഡോ. കരിയറിലാകെ 948 ഗോളുകള്‍.
റൊണാള്‍ഡോ നല്‍കിയ ഈ ലീഡ് പോര്‍ച്ചുഗലിന് മുതലാക്കാനായില്ല. ഇഞ്ചുറി ടൈമില്‍ ഡൊമിനിക് സൊബോസ്‌ലായ് ഹംഗറിക്കായി സമനില പിടിച്ചു. പോര്‍ച്ചുഗല്‍ പ്രതിരോധ നിരയുടെ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ഹംഗറിക്കെതിരെ വിജയിച്ചിരുന്നെങ്കില്‍ പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത നേടാമായിരുന്നു. ഇനി നവംബര്‍ വരെ കാത്തിരിക്കണം. ഗ്രൂപ്പ് എഫിൽ 10 പോയിന്റുള്ള പോർച്ചുഗൽ, ഹംഗറിയേക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ്. ഇരു ടീമുകൾക്കും രണ്ട് മത്സരങ്ങൾ വീതം ശേഷിക്കുന്നു. നാല് പോയിന്റുള്ള അയർലൻഡ് മൂന്നാം സ്ഥാനത്താണ്. നവംബറില്‍ അയര്‍ലന്‍ഡിനും അര്‍മേനിയ്ക്കുമെതിരെയാണ് പോര്‍ച്ചുഗലിന്റെ മല്‍സരം.