ഫിഫ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 48ല്‍ നിന്ന് 64 ആക്കാന്‍ ഒരുങ്ങുന്നു. 2030 ലോകകപ്പ് ലക്ഷ്യമിട്ട് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് പദ്ധതി ഫിഫയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ഫിഫ ലോകകപ്പിന്റെ നൂറാം പിറന്നാളാണ് 2030ല്‍. മൂന്ന് ഭൂഖണ്ഡങ്ങളിലായി നടക്കാന്‍ പോകുന്ന ലോകകപ്പില്‍ പരമാവധി ടീമുകളെ ഉള്‍പ്പെടുത്തണമെന്ന് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫയോട് ആവശ്യപ്പെട്ടു. മൊറോക്കോ സ്പെയിന്‍ പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലാണ് ഭൂരിപക്ഷം മല്‍സരങ്ങളും. എന്നാല്‍ അര്‍ജന്റീന, യുറഗ്വായ്, പരാഗ്വായ് എന്നീ രാജ്യങ്ങളില്‍ മൂന്ന് മല്‍സരങ്ങള്‍ വീതം നടക്കും.
ന്യൂയോര്‍ക്കിലാണ് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് അലഹാന്ദ്രോ ഡൊമിനിക്കസും ഫിഫ പ്രസിഡന്റ് ജിയാനി അന്‍ഫന്റിനോയും കൂടിക്കാഴ്ച നടത്തിയത്. അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ലോകകപ്പിന് ശേഷമായിരിക്കും 64 ടീമുകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുക. മാര്‍ച്ചില്‍ നടന്ന ഫിഫ കൗണ്‍സില്‍ യോഗത്തില്‍ യുറഗ്വായും സമാന അവശ്യം ഉന്നയിച്ചിരുന്നു. 64 ടീമുകളെ ഉള്‍പ്പെടുത്തിയാല്‍ ഫിഫ അംഗങ്ങളില്‍ മൂന്നിലൊന്നും പങ്കെടുക്കുന്ന ലോകകപ്പാകും. ഇതോടെ ഫിഫ ലോകകപ്പെന്ന ഇന്ത്യയുടെ സ്വപ്നവും യാഥാര്‍ഥ്യമായേക്കാം.