സൂപ്പര്‍ ക്രോസ് ബൈക്ക് റേസ് മത്സരത്തിന് വേദിയായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനം പൂര്‍ണമായും ഉണങ്ങി നശിച്ചു. പ്രൊഫഷണല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന പുല്‍ത്തകിടി നശിച്ചതോടെ ഫുട്ബോള്‍ പ്രേമികള്‍ കടുത്ത പ്രതിഷേധത്തിലാണ്. പൂര്‍വസ്ഥിതിയിലാക്കുമെന്ന കരാറിലാണ് സ്റ്റേഡിയം വിട്ടുനല്‍കിയതെന്നാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം
ഫിഫ, എഐഎഫ്.എഫ മാനദണ്ഡപ്രകാരം സൂപ്പര്‍ ലീഗ്, ഐ ലീഗ് ഉള്‍പ്പെടെയുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി ഒരുക്കിയ പുല്‍മൈതാനമാണ് കഴിഞ്ഞമാസം 21 ന് സൂപ്പര്‍ ക്രോസ് ബൈക്ക് റേസ് മത്സരത്തിന് വിട്ടു നല്‍കിയത്. മൈതാനത്ത് പലകകള്‍ നിരത്തി, അതില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് ബൈക്ക് റേസ് മത്സരത്തിനുള്ള വേദിയൊരുക്കിയത്. രണ്ടാഴ്ച്ചക്ക് ശേഷം മൈതാനത്തിന്‍റെ സ്ഥിതി ഇതാണ് പുല്‍ത്തകിടിയെല്ലാം കരിഞ്ഞുണങ്ങി. സമതലമായി കിടക്കേണ്ട മൈതാനം ചിലയിടങ്ങള്‍ താഴ്ന്ന താറുമാറായി
റേസിങ്ങ് മത്സരത്തിനായി സ്റ്റേഡിയം വിട്ടു നല്‍കിയപ്പോഴെ ഫുട്ബോള്‍ പ്രേമികള്‍ ആശങ്ക അറിയിച്ചിരുന്നു. ഇനി എന്ന് പൂര്‍വസ്ഥിതിയലാക്കുമെന്നതില്‍ യാതൊരു വ്യക്തയുമില്ല. സ്റ്റേഡിയം ഗുണനിലവാരത്തോടെ തിരികെ നല്‍കുമെന്നായിരുന്നു സൂപ്പര്‍ക്രോസുമായുള്ള കരാര്‍, ഡെപ്പോസിറ്റ് തുകയും കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം പരിശോധിച്ച് കരാറുപ്രകാരമുള്ള തുടര്‍നടപടി തീരുമാനിക്കുമെന്ന് മേയര്‍ ഒ. സദാശിവന്‍. ഐ.എസ്.എല്‍ നടത്തിപ്പ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെ പുല്‍മൈതാനം നശിച്ചത് മലബാറിലെ ഫുട്ബോള്‍ പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്.