ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ കരുത്തില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്‍റര്‍ മയാമിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡിസി യുണൈറ്റഡിനെയാണ് മയാമി തോല്‍പിച്ചത്. 66, 85 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ജയത്തോടെ 28 കളികളില്‍ നിന്ന് 51 പോയിന്‍റുമായി മയാമി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
35-ാം മിനിറ്റില്‍ ടാഡിയോ അലെന്‍ഡെയുടെ ഗോളില്‍ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രിസ്റ്റ്യന്‍ ബെന്‍ടേക്കിലൂടെ യുണൈറ്റഡ് ഒപ്പം പിടിച്ചു. തൊട്ടുപിന്നാലെ അഞ്ച് ഡിഫന്‍ഡര്‍മാരെ കീഴടക്കി മെസി ഷോട്ടുതിര്‍ത്തെങ്കിലും ക്രോസ് ബാറില്‍ തട്ടി മടങ്ങി. 66–ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ പാസില്‍ മെസിയുടെ ആദ്യഗോള്‍. 71–ാം മിനിറ്റില്‍ സില്‍വെറ്റിയെ യുണൈറ്റഡ് ഗോളി ഫൗള്‍ ചെയ്തതിന് മയാമിക്ക് പെനല്‍റ്റി. പക്ഷേ കിക്കെടുത്ത സില്‍വെറ്റിക്ക് പിഴച്ചു. ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങി.
85–ാം മിനിറ്റില്‍ വീണ്ടും മെസി മാജിക്. ബോക്സിന് പുറത്ത് നിന്നുള്ള ഇടങ്കാലന്‍ ഷോട്ട് ഗോള്‍കീപ്പര്‍ക്ക് യാതൊരവസരവും നല്‍കാതെ വലയിലേക്ക് വിരിഞ്ഞിറങ്ങി. രണ്ടാം പകുതിയുടെ അവസാന നിമിഷം ജേക്കബ് മുറലാണ് ഡിസിയുടെ രണ്ടാം ഗോള്‍ നേടിയത്. മെസിയാണ് കളിയിലെ താരം.