kerala-blasters

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ. മാഗ്നം സ്പോർട്സ് ആണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. ക്ലബിന്റെ 100 ശതമാനം ഓഹരികളും വിൽക്കാൻ പോകുന്നതായാണ് വിവരം. 

ഐഎസ്‌എൽ തുടങ്ങാൻ വൈകുന്നതിനിടെയാണ് ക്ലബ് വിൽക്കാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ട്. ഐഎസ്എൽ പ്രതിസന്ധിയിലായതിനെ തുടർന്നു ക്ലബുകളും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിൻ്റെ ഓഹരികൾ വാങ്ങാൻ തയാറാണെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ ഔദ്യോഗികമായി ഇതു സംബന്ധിച്ച് ക്ലബ്ബ് വിവരമൊന്നും പുറത്തുവിട്ടിട്ടില്ല. 

2014നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ് രൂപീകരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കർ, പ്രസാദ് പൊട്ട്‌ലൂരി തുടങ്ങിയവരായിരുന്നു ക്ലബിന്റെ ആദ്യ ഉടമകള്‍.  2016ൽ നിമ്മഗഡ്ഡ പ്രസാദ്, നാഗാർജുന, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവരടങ്ങിയ കൺസോർഷ്യം ക്ലബിന്റെ 80 ശതമാനം ഓഹരികളും വാങ്ങുകയായിരുന്നു.  2018ൽ സച്ചിൻ തന്റെ 20 ശതമാനം ഓഹരികളും കൺസോർഷ്യത്തിന് കൈമാറി പൂർണമായും ക്ലബ് വിട്ടു. 2021ലാണ് ഈ കൺസോർഷ്യം, മാഗ്നം സ്പോർട്സ് എന്നു പേരു മാറ്റിയത്. 

ENGLISH SUMMARY:

Kerala Blasters are reportedly up for sale, with Magnum Sports potentially selling their entire stake. The potential sale comes amidst reports of financial difficulties within the ISL, with a prominent Kerala-based business group reportedly interested in acquiring the club's shares.