ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ട് സംബന്ധിച്ച പ്രതിസന്ധികള്‍ അവസാനിക്കുന്നു. ഒരു മല്‍സരത്തിനുള്ള വാടക മൂന്ന് ലക്ഷം രൂപ എന്ന നിരക്കില്‍ ടീം മാനേജ്മെന്‍റ് ജി.സി.ഡി.എയുമായി കരാര്‍ ഒപ്പിട്ടു. നേരത്തെ ഒരു മത്സരത്തിന് 4.20 ലക്ഷം രൂപയാണ് ജി.സി.ഡി.എ ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചയ്ക്ക് പിന്നാലെ ഇത് മൂന്നു ലക്ഷമാക്കുകയായിരുന്നു. ഡിപ്പോസിറ്റ് തുക ഒരു കോടി രൂപ നിരക്കില്‍ തുടരും.
ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി ജി.സി.ഡി.എ വാടക കുത്തനെ കൂട്ടിയതോടെയാണ് മത്സരം സംബന്ധിച്ച് പ്രതിസന്ധിയുണ്ടായത്. രണ്ട് ലക്ഷം രൂപയായി കുറച്ച വാടക മത്സര തലേന്ന് 4.20 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയാണ് ജി.സി.ഡി.എ ചെയ്തത്. പിന്നാലെ ചര്‍ച്ചയ്ക്കൊടുവില്‍ തുകയുടെ ഒരു ഭാഗം ബ്ലാസ്റ്റേഴ്സ് അടയ്ക്കുകയും അവശേഷിക്കുന്ന തുക അടയ്ക്കാന്‍ ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തു.
മത്സരത്തിന് മുന്നോടിയായി കലൂർ സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും, റിപ്പോർട്ട്ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ജിസിഡിഎ ഇറക്കിവിട്ടിരുന്നു. ഇക്കൂട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഉടമയായ വ്യവസായി നിഖിൽ ബി. നിമ്മഗദ്ദയും ഉണ്ടായിരുന്നു. സ്റ്റേഡിയത്തിലെ മത്സര ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എത്തിയ ബ്ലാസ്റ്റേഴ്സ് ഉടമയേയും കൂട്ടരേയുമാണ് . സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടത്.