സ്പാനിഷ് ലാലിഗയില്‍ വലന്‍സിയയ്ക്കെതിരെ ബാര്‍സലോനയ്ക്ക് തകര്‍പ്പന്‍ ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ ജയം. ഫെര്‍മിന്‍ ലോപ്പസും റാഫിഞ്ഞയും റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും ഇരട്ടഗോള്‍ നേടി. ജയത്തോടെ ബാര്‍സലോണ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
മത്സരത്തിന്റെ തുടക്കം മുതൽ ബാഴ്‌സലോണയുടെ ആധിപത്യമായിരുന്നു. 29-ാം മിനിറ്റിൽ ഫെർമിൻ ലോപ്പസാണ് ബാര്‍സയുടെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ റാഫിഞ്ഞയും ലെവൻഡോവ്‌സ്‌കിയും തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. 53-ാം മിനിറ്റിൽ റാഫിഞ്ഞയും 56-ാം മിനിറ്റിൽ ലോപ്പസും വീണ്ടും വലകുലുക്കി.
66-ാം മിനിറ്റിൽ റാഫിഞ്ഞ തന്റെ രണ്ടാം ഗോൾ നേടി. തുടർന്ന് 76-ാം മിനിറ്റിലും 86-ാം മിനിറ്റിലും ഗോളുകൾ നേടി ലെവൻഡോവ്‌സ്‌കി കറ്റാലന്‍മാരുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ടീമിന്റെ ഹോം ഗ്രൗണ്ടായ കാമ്പ് നൗ നവീകരിക്കുന്നതിനാൽ എസ്റ്റാഡി യോഹാൻ ക്രൈഫ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ലീഗില്‍ 4 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 12 പോയന്‍റുമായി റയല്‍ മഡ്രിഡാണ് ലീഗില്‍ ഒന്നാമത്.