ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനെ എതിരില്ലാത്ത 38 ഗോളുകള്‍ക്ക് തകര്‍ത്ത് കേരള വനിതാ ടീം. മുപ്പതാമത് സീനിയര്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തിലാണ് കേരളത്തിന്റെ വമ്പന്‍ വിജയം. കിക്കോഫ് മുതല്‍ കേരളത്തിന്റെ സമ്പൂര്‍ണ ആധിപത്യം കണ്ട മല്‍സരത്തില്‍ 37ാം സെക്കന്‍റില്‍ ഷില്‍ജി ഷാജിയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.
ആദ്യ പകുതിയില്‍ കേരളം 21 ഗോളുകള്‍ നേടി. ഷില്‍ജി, അലീന ടോണി, മാനസ എന്നിവര്‍ ആദ്യപകുതിയില്‍ തന്നെ ഹാട്രിക് പൂര്‍ത്തിയാക്കി. കേരളത്തിന്റെ ഗോള്‍കീപ്പര്‍ വി. ആരതിക്ക് മല്‍സരത്തില്‍ പന്ത് തൊടാന്‍ പോലും കിട്ടിയില്ല. 37ാം സെക്കന്‍റില്‍ ഗോള്‍വേട്ട തുടങ്ങിയ ഷില്‍ജി അടിച്ചുകൂട്ടിയത് 13 ഗോളുകള്‍. 73ാം മിനിറ്റിലായിരുന്നു ഷില്‍ജിയുടെ 13-ാം ഗോള്‍. 75ാം മിനിറ്റില്‍ കളംവിട്ട ഷില്‍ജിക്ക് പകരക്കാരിയായി കളത്തിലിറങ്ങിയ ഡി. മീനാക്ഷിയും മൂന്നുഗോളുകള്‍ നേടി. കെ. മാനസയും പി. മാളവികയും ആറുഗോളുകള്‍ വീതം നേടി. അലീന ടോണി കേരളത്തിനായി അഞ്ചുഗോളടിച്ചു. ഇഞ്ചുറി ടൈമില്‍ ടി. സൗപര്‍ണികയാണ് കേരളത്തിന്റെ അവസാന ഗോള്‍ നേടിയത്.
ആന്‍ഡമാനെ കൂടാതെ തമിഴ്നാട്, പോണ്ടിച്ചേരി ടീമുകളുടെ കേരളത്തിനൊപ്പം ഗ്രൂപ്പ് ജിയിലുണ്ട്. അടുത്ത മല്‍സരത്തില്‍ തമിഴ്നാടാണ് കേരളത്തിന്റെ എതിരാളികള്‍. കഴിഞ്ഞവട്ടം തമിഴ്നാടിനോട് തോറ്റാണ് കേരളം ചാംപ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായത്. ശനിയാഴ്ചയാണ് തമിഴ്നാടിനെതിരായ മല്‍സരം. തിങ്കളാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കേരളം പോണ്ടിച്ചേരിയെ നേരിടും. പാലക്കാട് വടങ്കഞ്ചേരി ടിഎംകെ അരീനയിലാണ് മല്‍സരങ്ങള്‍.