ലയണൽ മെസിയുടെ ഇരട്ടഗോളില്‍ ഒർലാൻഡോ സിറ്റിയെ 3-1 ന് പരാജയപ്പെടുത്തി ഇന്റർമയാമി ലീഗ്സ് കപ്പ് ഫൈനലില്‍. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എൽഎ ഗാലക്‌സി-സിയാറ്റിൽ മത്സരത്തിലെ വിജയികളെ മയാമി നേരിടും. ഹാംസ്ട്രിംഗ് ഇഞ്ചുറിമൂലം കഴിഞ്ഞ മത്സരങ്ങളിൽ ഇറങ്ങാതിരുന്ന മെസിയുടെ ഗംഭീര തിരിച്ചുവരവാണ് കളത്തില്‍ കണ്ടത്. മത്സരത്തിന്‍റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് മയായിയെ ഞെട്ടിച്ച് ഒർലാൻഡോ മുന്നിലെത്തിയത്. മാർക്കോ പസാലികായിരുന്നു സ്കോറര്‍.
രണ്ടാം പകുതി കണ്ടത് മെസിയുടെയും സംഘത്തിന്‍റെയും തകര്‍പ്പന്‍ തിരിച്ചുവരവ്. പരുക്കൻ കളി പുറത്തെടുത്ത ഓർലാൻഡോ താരങ്ങൾക്ക് പലപ്പോഴായി മഞ്ഞക്കാർഡ് ലഭിച്ചു. 77-ാം മിനിറ്റിൽ മയായി കാത്തിരുന്ന നിമിഷം. ടാഡിയോ അലൻഡെയെ ഒർലാൻഡോ താരം ബോക്സിൽ വീഴ്ത്തിയതിന് പെനൽറ്റി. പിഴവൊന്നും കൂടാതെ മെസിയുടെ ക്ലിനിക്കല്‍ ഫിനിഷ്. നിശ്ചിതസമയം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ വീണ്ടും മെസി മാജിക്. അഞ്ചിലേറെ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞുള്ള മാജിക്ക് ഗോളിലൂടെ മെസി മയാമിയെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ടെലാസ്കോ സെഗോവിയയും ഗോള്‍ നേടിയതോടെ സ്കോർ 3-1.