messi-visit

മെസിയും അര്‍ജന്‍റീനയും കേരളത്തില്‍ വരുന്നതില്‍ മന്ത്രിക്കും സ്പോണ്‍സര്‍ക്കും ഭിന്ന സ്വരം. ഈ വര്‍ഷം വരില്ലെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ മെസി വരില്ലെന്ന് ആര് പറഞ്ഞു എന്നാണ് സ്പോണ്‍സര്‍ ചോദിക്കുന്നത്. അതേസമയം അര്‍ജന്‍റീനയും മെസിയും ചതിച്ചെന്ന് പരിതപിക്കുകയും ചെയ്യുന്നു സ്പോണ്‍സര്‍. അങ്ങനെ, വൈരുദ്ധ്യങ്ങളുടെയും അവ്യക്തതകളുടെയും കൂമ്പാരമാണ് സ്പോണ്‍സറുടെ വാര്‍ത്താസമ്മേളനം. കേരളത്തില്‍ വന്നാല്‍ മെസിക്കും അര്‍ജന്‍റനീനയ്കും കൊള്ളാം എന്നുവരെ സ്പോണ്‍സര്‍ മൊഴിഞ്ഞിട്ടുണ്ട്. 

മെസി വരില്ലെന്ന് അറിയിച്ചെന്നാണ് കായികമന്ത്രി വി അബ്ദുറഹിമാന്‍ പറയുന്നത്. എന്നാല്‍ മന്ത്രിയുടെ ഈ വാക്കുകളെ തന്നെയാണ് സ്പോണ്‍സര്‍ നിരാകരിക്കുന്നത്. എന്നിട്ടും താനും മന്ത്രിയും പറയുന്നത് ഒരേ കാര്യമെന്നാണ് സ്പോണ്‍സറുടെ അവകാശവാദം. മന്ത്രിയെ വെട്ടിലാക്കുന്ന മറ്റൊരു വെളിപ്പെടുത്തലും സ്പോണ്‍സര്‍ നടത്തി.  കേരളത്തില്‍ കളിക്കുന്നതിന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാറില്‍ ഒപ്പിട്ടത് കഴിഞ്ഞ ജൂണ്‍ ആറിനാണെന്ന് സ്പോണ്‍സര്‍.  എന്നാല്‍ അതിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ മന്ത്രി ഈ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.  അപ്പോള്‍ ഔദ്യോഗികമായി കരാറില്‍ ഏര്‍പ്പെടും മുമ്പ് തന്നെ മന്ത്രി പോസ്റ്റില്‍ കയറി ഗോളടിച്ചുവെന്നാണ് സ്പോണ്‍സര്‍ വ്യക്തമാക്കുന്നത്.  അര്‍ജന്‍റീന ടീമനെതിരെ കളിക്കാന്‍ ആറ് ടീമുകളുടെ പേര് നിര്‍ദേശിച്ചിരുന്നത്രെ. ആര് നിര്‍ദേശിച്ചു...? ഏതൊക്കെയാണ് ആ ടീമുകള്‍...? ആ ടീമുകളുമായി ചര്‍ച്ച നടത്തിയിരുന്നോ...? ഒന്നിനും ഉത്തരമില്ല. 

അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കി. ശേഷം ഒക്ടോബറിലോ, നവംബറിലോ കേരളത്തിലെത്താമെന്ന വ്യവസ്ഥയില്‍ കരാറിലൊപ്പിട്ടു. ഇപ്പോള്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ വരാമെന്ന വ്യവസ്ഥയില്‍ പുതിയ കരാര്‍ അയച്ച് തന്ന് ഒപ്പിടാന്‍ പറയുന്നു. എന്നാല്‍ ഈ രേഖകളൊന്നും പുറത്തുവിടാന്‍ ഒരുക്കമല്ല. കേരളത്തില്‍ വന്നില്ലെങ്കില്‍ മെസിക്ക് ഇന്ത്യയില്‍ മറ്റൊരിടത്തും വരാന്‍ കഴിയില്ലെന്ന ഭീഷണിയും സ്പോണ്‍സര്‍ നടത്തുന്നുണ്ട്. എന്നാല്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള കരാറിന് മെസി വ്യക്തിപരമായി എങ്ങനെ ഉത്തരവാദിയാകും..? മെസി ഇന്ത്യയില്‍ വ്യക്തിപരമായി നടത്തുന്ന സന്ദര്‍ശനത്തെ എങ്ങനെ തടയാനാകും...? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ഫിഫ വിന്‍ഡോ പണം കൊടുത്ത് വാങ്ങുന്ന ഏര്‍പ്പാടാണെന്ന് തോന്നും സ്പോണ്‍സറുടെ വിശദീകരണം കേട്ടാല്‍. ഫിഫ വിന്‍ഡോ വിറ്റു, എല്ലാ ടീമുകളും വിന്‍ഡോ തുറക്കും, വേണമെങ്കില്‍ സ്പെഷ്യല്‍ വിന്‍ഡോ തുറക്കാം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ശരാശരി കളിയാരാധകനും അന്തം വിടും. 

ഒടുവില്‍ കേരളത്തില്‍ വന്നാല്‍ മെസിക്കും അര്‍ജന്‍റീനയ്ക്കും കൊള്ളാമെന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ചത്.

ENGLISH SUMMARY:

A controversy has erupted in Kerala over the proposed visit of Lionel Messi and the Argentine football team, with the Sports Minister and the sponsor offering conflicting statements.