ടോട്ടനം ഹോട്സ്പര്‍ ഗോൾകീപ്പർ അന്റോണിൻ കിൻസ്കിക്ക് നേരിടേണ്ടി വന്നത് ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അരങ്ങേറ്റം. പിന്നാലെ 22 കാരന് പിന്തുണയുമായി ഗോള്‍കീപ്പര്‍മാര്‍ ഒന്നടങ്കമെത്തി. മല്‍സരത്തില്‍ ടോട്ടനം ഹോട്സ്പര്‍ അത്്ലറ്റികൊ മഡ്രിഡിനോട് 5–2ന് തോറ്റു.
അത്്ലറ്റികോ മഡ്രിഡ് ടോട്ടനം ഹോട്സ്പര്‍ മല്‍സരത്തിന്റെ ആറാം മിനിറ്റിലായിരുന്നു തുടക്കം. പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ കാൽവഴുതിയ കിൻസ്കിക്കു പിഴച്ചു. അത്്ലറ്റികോ 1–0ന് മുന്നില്‍. അന്റോയ്ൻ ഗ്രീസ്മൻ ലീഡ് 2-0 ആക്കി ഉയർത്തിയതിനു പിന്നാലെയായിരുന്നു അടുത്ത പിഴവ്. ബോക്സില്‍ നിന്ന് ഇടതു കാൽകൊണ്ട് പാസിനു ശ്രമിച്ച കിൻസ്കിക്ക് വീണ്ടും പിഴച്ചു. പന്ത് നേരെ മുന്നിലുണ്ടായിരുന്ന ജൂലിയൻ അൽവാരസിന്റെ കാലുകളിലേക്ക്. ഒഴിഞ്ഞ വലയിലേക്ക് പന്ത് തട്ടിയിടേണ്ട കാര്യമേ അൽവാരസിനുണ്ടായിരുന്നുള്ളൂ.
15 മിനിറ്റ് പിന്നിട്ടപ്പോൾ ടോട്ടനം 3-0നു പിന്നിലായി. തലയിൽ കൈകൾവച്ച് കിൻസ്കി നിലത്തു കമിഴ്ന്നു കിടന്നു. 17 മിനിറ്റിനകം പകരക്കാരനായി കളിക്കളം വിട്ടു. ആശ്വസിപ്പിക്കാന്‍ പരിശീലകനെത്തിയില്ലെങ്കിലും താരത്തിന് പിന്തുണയുമായി ലോകമെമ്പാടുമുള്ള ഗോള്‍കീപ്പര്‍മാര്‍ കൈകോര്‍ത്തു. ഒരു ഗോൾകീപ്പർ അല്ലാത്ത ഒരാൾക്കും ഈ സ്ഥാനത്ത് കളിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കാൻ കഴിയില്ലന്ന് ഫിയോറന്റീന ഗോൾകീപ്പർ ഡേവിഡ് ഡെ ഹെയ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലെ ടണലിലൂടെ തകര്‍ന്നടിഞ്ഞ് നടന്നുനീങ്ങിയ 22കാരന്റെ തിരിച്ചുവരവിന് ആത്മവിശ്വാസം പകരുകയാണ് ഫുട്ബോള്‍ ലോകവും.