സെറിബ്രല്‍ പാള്‍സി രോഗം നല്‍കിയ അവശതകളെ വെല്ലുവിളിച്ച് രാജ്യത്തിന് അഭിമാനമാവാന്‍ വിമാനം കയറുകയാണ് അഞ്ചുമലയാളികള്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന ഇന്‍റര്‍ കോണ്ടിനന്‍റല്‍ കപ്പ് സെറിബ്രല്‍ പാള്‍സി ഫുട്ബോളിനുള്ള ഇന്ത്യന്‍ വനിതാ ടീമിലാണ് അഭിമാനമായി മലയാളി സാന്നിധ്യം.
ഗോള്‍ പോസ്റ്റിലേക്ക് ഇവരടിക്കുന്ന ഓരോ ഗോളും രോഗം നല്‍കിയ വെല്ലുവിളികള്‍ക്കുള്ള മറുപടിയാണ്. സെറിബ്രൽ പാൾസിയെ വലയ്ക്കപ്പുറത്തേക്ക് തൂക്കിയടിച്ച ഇവരിനി രാജ്യാന്തര ഫുട്ബോൾ താരങ്ങളാണ്. ആലപ്പുഴ സ്വദേശി റിയ കോശി, തിരുവനന്തപുരം സ്വദേശി ആര്യ, കോഴിക്കോട്ടുകാരായ നിയ ഫാത്തിമ, അവന്തിക വിനോദ്, വ്രജസൂര്യ എന്നിവരാണ് ടീമിലുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുൻപുവരെ വീടിനകത്ത് മാത്രം ജീവിച്ചിരുന്നവരാണ് ഇവർ. കഴിഞ്ഞ മൂന്നുവർഷമായി ദേശീയ അത്‌ലറ്റിക്സ് മീറ്റിലെ പങ്കാളിത്തമാണ് ഫുട്ബോൾ ടീമിലേക്കുള്ള വഴിതുറന്നത്.
ഒരു മത്സരം എന്നതിനേക്കാൾ സെറിബ്രൽ പാൾസി ബാധിതരുടെ അതിജീവനത്തിനുകരുത്താവുന്നതാണ് ഫുട്ബോൾ ചാംപ്യൻഷിപ്പ്. ഒരാള്‍ക്ക് ശരാശരി രണ്ടു ലക്ഷത്തോളം രൂപ വേണം. ഇങ്ങനെ അഞ്ചുപേർക്കായി പത്തുലക്ഷത്തിലധികം രൂപ കണ്ടെത്താനുള്ള
ഓട്ടത്തിലാണ് സമഗ്രശിക്ഷ അധികൃതർ.