ഫിഫ റാങ്കില്‍ 133-ാം സ്ഥാനം. സമീപകാല പ്രകടനങ്ങള്‍ എടുത്താല്‍ പ്രതീക്ഷയ്ക്ക് വകയൊന്നുമില്ല. കുത്തഴിഞ്ഞ് കിടക്കുന്ന ഇന്ത്യന്‍ ഫുട്ബോളിനെ എടുത്തുയര്‍ത്താന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഒരു മുന്‍ ഇന്ത്യന്‍ താരത്തിന് അവസരം നല്‍കിയിരിക്കുന്നു. അയാളുടെ പേര് ഖാലിദ് ജമീല്‍. 48 വയസുമാത്രം പ്രായമുള്ള ഖാലിദിന് എന്ത് മാറ്റമാണ് ഇന്ത്യന്‍ ഫുട്ബോളില്‍ കൊണ്ടുവരാനാവുക? ഇതുവരെയുള്ള ഖാലിദിന്‍റെ കോച്ചിങ് സ്റ്റൈല്‍ പരിശോധിച്ചാല്‍ പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്ന് തന്നെ പറയാം. പടിപടിയായി ടീമിനെ ഉയര്‍ത്തികൊണ്ടുവരാനുള്ള സ്പിരിറ്റ് തന്നിലുണ്ടെന്ന് തെളിയിച്ചയാളാണ് ഖാലിദ് ജമീല്‍.
ഫുട്ബോള്‍ ചരിത്രത്തില്‍ ഇതുവരെ കേട്ടകേള്‍വിയില്ലാത്ത ചരിത്രവുമായാണ് മനോലോ മാര്‍ക്കസ് എന്ന സ്പാനിഷ് പരിശീലകന്‍ ഇന്ത്യന്‍ ക്യാമ്പ് വിട്ടത്. ഒരേ സമയം ക്ലബിന്‍റേയും ദേശീയ ടീമിന്‍റേയും പരിശീലകനായ കോച്ച്. രണ്ട് ടീമുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ നഷ്ടം ഏറേയും ഇന്ത്യക്ക് തന്നെയായിരുന്നു. രണ്ട് വര്‍ഷത്തിനിടെ സ്കോര്‍ ചെയ്തത് വെറും അഞ്ച് ഗോളുകള്‍. അവസാന പതിനാറ് മത്സരങ്ങളില്‍ ഒരു ജയം മാത്രം. ദേശീയ ടീമിനോട് ഗുഡ്ബൈ പറഞ്ഞ നാല്‍പതുകാരന്‍ സുനില്‍ ഛേത്രി മടങ്ങിയെത്തിയിട്ടും നീലക്കടുവകള്‍ക്ക് ജീവന്‍വെച്ചില്ല. ഐസിയുവില്‍ കിടക്കുന്ന ഇന്ത്യന്‍ ഫുട്ബോളിന് ജീവശ്വാസം നല്‍കുക എന്നതാണ് ഖാലിദിന് മുന്നിലെ ചലഞ്ച്. സാവിയോ മെഡീരയുടെ പിന്‍ഗാമിയായി പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ദേശീയ ഫുട്ബോളിന്‍റെ അമരക്കാരനാകുന്നത്. ഇന്ത്യക്കാരന്‍ തന്നെ കോച്ചായി വരണമെന്ന ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവിലാണ് എഐഎഫ്എഫ് പന്ത് ഖാലിദിനെ ഏല്‍പ്പിക്കുന്നത്.
ബൂട്ടുകെട്ടിയ കാലത്ത് മദ്യകമ്പനി സ്പോണ്‍സര്‍മാരായതുകൊണ്ട് മാത്രം വമ്പന്‍ ക്ലബുകളുടെ ഓഫര്‍ നിരസിച്ചയാളാണ് ഖാലിദ്. 32–ാം വയസില്‍ പരുക്കിനെ തുടര്‍ന്ന് വിരമിച്ച ഈ മിഡ്ഫീല്‍ഡറിനെ പിന്നെ കാണുന്നത് പരിശീലക കുപ്പായത്തില്‍. അതും ആഗ്രഹിച്ച് ആ കുപ്പായത്തില്‍ കയറിയതല്ല, മുംബൈ സിറ്റി താരമായിരിക്കെ അണ്ടര്‍ 19–നെ പരിശീലിപ്പിക്കാന്‍ മാനേജ്മെന്‍റ് തന്നെ നിര്‍ബന്ധിക്കുകയായിരുന്നു. ആക്സിഡന്‍റല്‍ കോച്ചായ ജമീല്‍ തന്‍റെ ടീമിനെ ലീഗ് ജേതാക്കളാക്കി.
2016-17 സീസണില്‍ വമ്പന്‍ ക്ലബുകളെ മലര്‍ത്തിയടിച്ച് ഐസ്വാള്‍ എഫ്സിയെ ഐ ലീഗ് കിരീടം ചൂടിച്ചതോടെ ഖാലിദ് ജമീല്‍ എന്ന പേരിന് പവറായി. ഐഎസ്എല്ലിലെ വിദേശ പരിശീലകര്‍ക്കിടയിലെ ഏക സ്വദേശി ബ്രാന്‍ഡായി. Talk Less Work More ആറ്റിറ്റ്യൂഡാണ് അദ്ദേഹത്തിനെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. താരങ്ങള്‍ക്ക് കളിക്കളത്തില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കി. ഐഎസ്എല്ലില്‍ താന്‍ പരിശീലിപ്പിച്ച ടീമുകളെ പ്ലേഓഫിലെത്തിച്ചു. രണ്ട് തവണ രാജ്യത്തെ മികച്ച പരിശീലകനുള്ള ഫുട്ബോള്‍ ഫെഡറേഷന്‍റെ പുരസ്കാരവും നേടി. സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയാണ് മെരുക്കാനുള്ളത്. ദേശീയ ടീമിന്‍റെ അമരത്തേക്കെത്തുമ്പോള്‍, കാഫാ നേഷന്‍സ് കപ്പ് മുതല്‍ പുതിയ കോച്ചിന് മുന്നില്‍ കടമ്പകള്‍ ഏറെയാണ്. ഇതിനെയെല്ലാം എങ്ങനെ ടാക്കിള്‍ ചെയ്യുമെന്നാണ് കണ്ടറിയേണ്ടത്.