മാര്‍ക്കസ് റാഷ്ഫോഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചുവപ്പണിഞ്ഞിട്ട് ഏഴുമാസമാകുന്നു. യൂറോപ്പ ലീഗില്‍ വിക്ടോറിയ പ്ലസനെതിരായ മല്‍സരത്തില്‍ പകരക്കാരനായി കളംവിട്ട താരം പിന്നീടൊരിക്കലും റൂബന്‍ അമോറിമിന്റെ ടീമില്‍ ഇടംപിടിച്ചില്ല.
ഫുട്ബോളിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഉറപ്പിച്ച റാഷ്ഫോഡിന്റെ ലിസ്റ്റില്‍ അടുത്ത ക്ലബായി ഇടം പിടിച്ചത് ബാര്‍സിലോനയായിരുന്നു. കുറച്ച് വൈകിയെങ്കിലും റാഷ്ഫോഡിനെ സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നു ബാര്‍സ.
നിക്കോയെ കൈവിട്ടതോടെ ലക്ഷ്യം റാഷ്ഫോഡ്
അത്ലറ്റിക് ബില്‍ബാവോയില്‍ നിന്ന് നിക്കോ വില്യംസിനെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മാര്‍ക്കസ് റാഷ്ഫോഡ് ബാര്‍സയുടെ റഡാറിലേക്ക് എത്തുന്നത്. നിക്കോ വില്യംസ് ബില്‍ബാവോയുമായി പത്തുവര്‍ഷത്തേക്കാണ് കരാറിലെത്തിയത്. റാഷ്ഫോഡിനെ വായ്പ്പയ്ക്ക് ടീമിലെത്തിക്കാനാണ് ബാര്‍സയുടെ നീക്കം. കരാര്‍ വ്യവസ്ഥയില്‍ പിന്നീട് പെര്‍മനന്റ് ഡീലിലെത്താം എന്ന് ഓപ്ഷനും ഉണ്ടായിരിക്കും. 27കാരനായ മാര്‍ക്കസ് റാഷ്ഫോഡ് മാഞ്ചസ്റ്ററില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാണ്. റാഷ്ഫോഡിനെ ബാര്‍സിലോനയ്ക്ക് കൈമാറാനായാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വന്‍ സാമ്പത്തിക നേട്ടമാകും.
പ്രതിഫലം ആഴ്ചയില്‍ 3.75 കോടി രൂപ
ഇതിനോടകം 130 മില്യണ്‍ പൗണ്ട് ചെലവഴിച്ചാണ് യുണൈറ്റഡ് മത്തേയസ് കൂന്യയെയും ബ്രയാന്‍ എംബ്യൂമോയെയും സ്വന്തമാക്കിയത്. ഇനിയും ഒരു സ്ട്രൈക്കറേയും ഗോള്‍കീപ്പറെയും മധ്യനിരത്താരത്തെയും ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന യുണൈറ്റഡിന്, താരങ്ങളെ വിറ്റാല്‍ മാത്രമേ ഫണ്ട് കണ്ടെത്താനാകൂ. വായ്പയ്ക്കാണ് റാഷ്ഫോഡിനെ ബാര്‍സയ്ക്ക് കൈമാറുന്നതെങ്കിലും സാമ്പത്തികനേട്ടമാകും. 3.75 കോടി രൂപയാണ് റാഷ്ഫോഡിന്റെ പ്രതിവാര പ്രതിഫലം. കഴിഞ്ഞ സീസണ്‍ പകുതിയോടെ ആസ്റ്റന്‍ വില്ലയിലേക്ക് വായ്പയ്ക്ക് എത്തിയ മാര്‍ക്കസ് റാഷ്ഫോഡ് 17 മല്‍സരങ്ങളില്‍ കളത്തിലിറങ്ങി. നാല് ഗോളുകള്‍ നേടിയ റാഷ്ഫോഡ് ആറ് ഗോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. റാഷ്ഫോഡിനെ സ്വന്തമാക്കാന്‍ വില്ല ആഗ്രഹിച്ചിരുന്നെങ്കിലും ഉയര്‍ന്ന വേതനമാണ് തിരിച്ചടിയായത്. വേതനം കുറയ്ക്കാന്‍ റാഷ്ഫോഡും ഒരുക്കമല്ലായിരുന്നു.
ഏഴാം വയസുമുതല്‍ യുണൈറ്റഡിനൊപ്പം
ഏഴാം വയസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അക്കാദമിയിലെത്തിയ താരമാണ് മാര്‍ക്കസ് റാഷ്ഫോഡ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അക്കാദമിയും റാഷ്ഫോഡിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇഷ്ടടീമായ യുണൈറ്റഡിന്റെ അക്കാദമി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. യൂത്ത് ടീമുകളിലൂെട വളര്‍ന്ന റാഷ്ഫോഡ് പതിനെട്ടാം വയസില്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു. യൂറോപ്പ ലീഗില്‍ ഡാനിഷ് ക്ലബിനെതിരായ മല്‍സരത്തില്‍ അരങ്ങേറ്റം കുറിച്ച റാഷ്ഫോഡ് ഇരട്ടഗോളുമായി തിളങ്ങി. യൂറോപ്യന്‍ മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് റാഷ്ഫോഡ് കളംവിട്ടത്. പഴങ്കഥയാക്കിയതാകട്ടെ യുണൈറ്റഡ് ഇതിഹാസം ജോര്‍ജ് ബെസ്റ്റിന്റെ പേരിലുള്ള റെക്കോര്‍ഡും.
മൂന്നുദിവസത്തിനകം ആര്‍സനലിനെതിരെ ആദ്യ പ്രീമിയര്‍ ലീഗ് മല്‍സരം കളിച്ച റാഷ്ഫോഡ് വീണ്ടും ഇരട്ടഗോളുകള്‍ നേടി. ക്ലബ് ഇതിഹാസമാകുമെന്ന് പ്രതീക്ഷ നല്‍കിയ താരമാണ് ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍ പോലും ഇടമില്ലാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങാന്‍ ഒരുങ്ങുന്നത്.