സ്ട്രൈക്കര്‍ വിക്ടര്‍ യോക്കരസിനെതിരെ അച്ചടക്ക നടപടിയുമായി പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ് ലിസ്ബണ്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് കൂടുമാറാന്‍ മോഹിക്കുന്ന യോക്കരസ് ഇന്നലെ തുടങ്ങിയ സ്പോര്‍ട്ടിങ്ങിന്റെ പ്രീ സീസണ്‍ പരിശീലന ക്യാംപില്‍ എത്താതെ മുങ്ങി. പരിശീലന ക്യാംപില്‍ പങ്കെടുക്കാത്ത യോക്കരസിന് പിഴ ചുമത്തുമെന്നും സഹതാരങ്ങളോട് പരസ്യമായി മാപ്പുപറയണമെന്നും സ്പോര്‍ടിങ് പ്രസിഡന്റ് ഫ്രെഡെറിക്കോ വാരാന്‍ഡെസ് പോര്‍ച്ചുഗീസ് വാര്‍ത്താ ഏജന്‍സിയായ ലൂസയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യോക്കരസിനെ മുന്നില്‍ നിര്‍ത്തി ക്ലബിനെ സമ്മര്‍ദത്തിലാക്കാമെന്ന് ആരും കരുതേണ്ടന്നും ഇംഗ്ലീഷ് ക്ലബ് ആര്‍സനലിനുള്ള മുന്നറിയിപ്പെന്നോണം വാരാന്‍ഡെസ് കൂട്ടിച്ചേര്‍ത്തു. 

സ്പോര്‍ട്ടിങ്ങ് വഞ്ചിച്ചെന്ന് യോക്കരസ് 

27കാരന്‍ യോക്കരസിന്റെ കരിയറിലെ വഴിത്തിരിവായ സീസണായിരുന്നു കഴിഞ്ഞുപോയത്. സ്പോര്‍ടിങ്ങിനായി അടിച്ചുകൂട്ടിയത് 54 ഗോളുകള്‍. ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്പോർടിങ് 4–1 വിജയം നേടിയ മത്സരത്തിൽ, യോക്കരസ് ഹാട്രിക്ക് നേടിയിരുന്നു. ഇതോടെയാണ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ആര്‍സനലിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോട്ടപ്പുള്ളിയായത്. യുണൈറ്റഡുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെങ്കിലും ആര്‍സനല്‍ താരത്തെ സ്വന്തമാക്കാന്‍ ഉറച്ചുതന്നെയാണ്. ആര്‍സനലുമായി താരം ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ സൂപ്പര്‍ താരത്തെ വെറുതെയങ്ങ് വിട്ടുകൊടുക്കാന്‍ സ്പോര്‍ടിങ് തയ്യാറാല്ല. യോക്കരസുമായുള്ള കരാറില്‍ മൂന്നുവര്‍ഷം കൂടി ബാക്കിയുണ്ട്. ആര്‍സനലുമായി കൈമാറ്റത്തുകയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ ഇതുവരെ സ്പോര്‍ടിങ്ങിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് യോക്കരസിന്റെ ക്ലബ് മാറ്റം തുലാസിലായത്. 

2023ല്‍ ഇംഗ്ലീഷ് രണ്ടാം ഡിവിഷന്‍ ക്ലബായ കവന്ററി സിറ്റിയില്‍ നിന്നാണ് യോക്കരസ് സ്പോര്‍ടിങ്ങ് ലിസ്ബണിലെത്തിയത്.  102 മല്‍സരങ്ങളില്‍ നിന്നായി 97 ഗോളുകള്‍ നേടി. രണ്ടുവട്ടം സ്പോര്‍ട്ടിങ്ങിനെ പോര്‍ച്ചുഗീസ് ചാംപ്യന്‍മാരാക്കുന്നതില്‍ യോക്കരസിന്റെ പ്രകടനം നിര്‍ണായകമായി. ആര്‍സനല്‍ – സ്പോര്‍ട്ടിങ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ക്ലബ് മാറ്റം സൂചിപ്പിച്ചുകൊണ്ട് യോക്കരസ് മാധ്യമങ്ങള്‍ക്ക് അഭിമുഖവും നല്‍കി. ഹാരി കെയിന്‍, എര്‍ലിങ്ങ് ഹാളന്റ് എന്നിവരുമായാണ് യോക്കരസ് സ്വയം താരതമ്യം ചെയ്യുന്നത്. 

ENGLISH SUMMARY:

Viktor Gyökeres Faces Suspension as Sporting Lisbon Imposes Disciplinary Measures