ലിവര്‍പൂളിന്റെ 20 വയസുകാരി കനേഡിയന്‍ മുന്നേറ്റനിര താരം ഒലിവിയ സ്മിത്തിനെ സ്വന്തമാക്കാന്‍ ആര്‍സനല്‍ വനിതാ ടീം ചെലവഴിച്ചത് 11 കോടി 62 ലക്ഷം രൂപ. വനിതാ ഫുട്ബോളിലെ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ഒലിവിയ യൂറോപ്യന്‍ ചാംപ്യന്‍മാരായ ആര്‍സനലിലേയ്ക്ക് എത്തുന്നത്. വനിതാ ഫുട്ബോളില്‍ ആദ്യമായാണ് ഒരു മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിന്റെ താരകൈമാറ്റം നടക്കുന്നത്. 1979ലാണ് പുരുഷ ഫുട്ബോളില്‍ ആദ്യമായി ഒരു മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിന്റെ കൈമാറ്റം നടന്നത്. അമേരിക്കന്‍ പ്രതിരോധ താരം നയൊമി ഗിര്‍മയുടെ പേരിലായിരുന്നു വനിതാ ഫുട്ബോളിലെ വിലയേറി താരമെന്ന റെക്കോര്‍ഡ്. ചെല്‍സി ഒന്‍പതര കോടി രൂപ ചെലവഴിച്ചാണ് നയൊമിയെ സ്വന്തമാക്കിയത്.
ആന്‍ഫീല്‍ഡില്‍ ഗോളടിച്ച ആദ്യ വനിതാ താരം, കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി അരങ്ങേറിയ ഒലിവിയ 20 മല്‍സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടി. ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഗോളടിക്കുന്ന ആദ്യ വനിതാ താരമാണ് ഒലിവിയ സ്മിത്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മല്‍സരത്തിന് വേദിയായത് ആന്‍ഫീല്‍ഡ് സ്റ്റേഡിയമായിരുന്നു. 2–1ന് ലിവര്‍പൂള്‍ തോറ്റെങ്കിലും ഒലിവിയ സ്മിത്തിന്റെ ഗോള്‍ ക്ലബിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മല്‍സരത്തില്‍ ഇരട്ടഗോളുമായി തിളങ്ങിയ ഒലിവിയ, ആന്‍ഫീല്‍ഡില്‍ വനിതാ ടീമിന് ആദ്യ ജയവും സമ്മാനിച്ച താരമാണ്. വനിതാ സൂപ്പര്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് ലിവര്‍പൂള്‍ ഫിനിഷ് ചെ്യതത്.
വിങ്ങറായും സെന്‍ട്രല്‍ സ്ട്രൈക്കറായും കളിക്കുന്ന ഒലിവിയ ലിവര്‍പൂളിലെത്തിയതും ക്ലബ് റെക്കോര്‍ഡ് തുകയ്ക്കാണ്. പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ്ങില്‍ നിന്ന് 2 ലക്ഷം പൗണ്ടിനാണ് ലിവര്‍പൂള്‍ ഒലിവിയയെ സ്വന്തമാക്കിയത്. കരാരില്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവതാരത്തെ ആര്‍സനല്‍ റാഞ്ചിയത്. ഒലിവിയയ്ക്കായി ചെലവഴിച്ചതിന്റെ അഞ്ചിരട്ടി തുക ലഭിച്ചതോടൊയാണ് താരത്തെ കൈമാറാന്‍ ലിവര്‍പൂള്‍ തയ്യാറായത്.
വനിതാ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ആര്‍സനല്‍ ഇക്കുറി സ്്ക്വാഡിന് കരുത്ത് കൂട്ടുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ക്ലോയി കെല്ലിയെ സ്വന്തമാക്കി. ലിവര്‍പൂളില്‍ നിന്ന് ലെഫ്റ്റ് ബാക്ക് ടെയിലര്‍ ഹിന്‍റസിനെയും ആര്‍സനല്‍ ടീമിലെത്തിച്ചിരുന്നു. ചാംപ്യന്‍സ് ലീഗ് നേടിയെങ്കിലും ലീഗില്‍ ചെല്‍സിക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ആര്‍സനല്‍ ഫിനിഷ് ചെയ്തത്. 12 പോയിന്റായിരുന്നു ഒന്നാം സ്ഥാനക്കാരായുള്ള ചെല്‍സിയുമായുള്ള പോയിന്റ് വിത്യാസം.