ബാര്‍സയുടെ ചിറകായി ലമീന്‍ യമാലും നിക്കോ വില്യംസും.... എതിരാളികളുടെ പെനല്‍റ്റി ബോക്സിലേക്ക് വിങ്ങുകളിലൂടെ ഇരച്ചെത്താന്‍ ബാര്‍സിലോന സ്വപ്നം കണ്ട കൂട്ടുകെട്ട് തല്‍ക്കാലത്തേക്കില്ല. 22കാരന്‍ നിക്കോ വില്യംസ് അത്്ലറ്റിക് ബില്‍ബാവോയുമായി കരാര്‍ പുതുക്കി. 2035 വരെയാണ് പുതിയ കരാര്‍. പുതിയ കരാറിലെ റിലീസ് ക്ലോസില്‍ അന്‍പത് ശതമാനം വര്‍ധനയുണ്ട്. പഴയ കരാറില്‍ റിലീസ് ക്ലോസ് 58 മില്യണ്‍ യൂറോയായിരുന്നു.
ബാര്‍സ ആരാധകരുടെ 'ടിക്ടോക് സംഭാവന
യൂറോ കിരീടത്തിലേക്ക് സ്പെയിനിനെ നയിച്ച ലമാല്‍ – നിക്കോ കൂട്ടുകെട്ട് ബാര്‍സിയിലേക്കും പകര്‍ത്താനായിരുന്നു ശ്രമം. നിക്കോ വില്യംസുമായി ബാര്‍സിലോന ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെ സ്പാനിഷ് ടീമില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ലമീന്‍ യമാല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ബാര്‍സ ആരാധകര്‍ പ്രതീക്ഷയിലായി. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നിക്കോയെ സ്വന്തമാക്കുക ബാര്‍സയ്ക്ക് കടുത്ത വെല്ലുവിളിയാണെന്നിരിക്കെ ചില ആരാധകര്‍ ടിക്ക് ടോക്കിലൂടെ ധനസമാഹരണം തുടങ്ങിയത് കൗതുകമായിരുന്നു. നിക്കോയെ ക്ലബ്ബിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യങ്ങളിൽ ക്യാംപെയിനുകളും നടത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ 31 ഗോളുമായി ബില്‍ബാവോയുടെ കുന്തമുനയായിരുന്നു നിക്കോ. 2013 –14 സീസണില്‍ ബില്‍ബാവോയിലെത്തിയ നിക്കോ പതിനെട്ടാം വയസില്‍ അരങ്ങേറ്റം കുറിച്ചു. നിക്കോയുടെ മികവില്‍ കഴിഞ്ഞ സീസണില്‍ യൂറോപ്പ ലീഗ് സെമിഫൈനലിലെത്തിയ ബില്‍ബാവോ ചാംപ്യന്‍സ് ലീഗിനും യോഗ്യത നേടി. 70 പോയിന്റുമായി നാലാം സ്ഥാനത്താണ് ക്ലബ് ലാലീഗയില്‍ ഫിനിഷ് ചെയ്തത്. ബാര്‍സയുമായി ചര്‍ച്ചനടത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബില്‍ബാവോ നഗരത്തിലെ താരത്തിന്റെ ചുവര്‍ചിത്രങ്ങള്‍ രണ്ടുവട്ടം നശിപ്പിക്കപ്പെട്ടിരുന്നു.
അഭയാര്‍ഥികളുടെ മകന്‍
ഘാനയില്‍ നിന്ന് അഭയാര്‍ഥികളായി സ്പെയിനിലെത്തിയവരാണ് നിക്കോ വില്യംസിന്റെ മാതാപിതാക്കള്‍. സഹാറ മരുഭൂമികടന്നാണ് നിക്കോയുടെ കുടുംബം സ്പെയിനിലെത്തിയത്. 2013ല്‍ അത്്ലറ്റികോ ബില്‍ബാവോ യൂത്ത് അക്കാദമിയിലെത്തിയ നിക്കോ 2020ല്‍ റിസര്‍വ് ടീമിലേക്കെത്തി. ഒരുവര്‍ഷത്തിനകം സീനിയര്‍ ടീമിലേക്ക് മുന്നേറ്റം. നിക്കോയുടെ സഹോദരന്‍ ഇനാക്കി വില്യംസും ബില്‍ബാവോ താരമാണ്. 2023 –24 സീസണില്‍ ബില്‍ബാവോ കോപ്പ ഡെല്‍ റെ കിരീടമുയര്‍ത്തുമ്പോള്‍ ഇനാക്കിയും നിക്കോയും ടീമിലുണ്ടായിരുന്നു. നിക്കോ സ്പെയിനിനായി കളിക്കുമ്പോള്‍ ഘാനക്കായാണ് ഇനാക്കി വില്യംസ് രാജ്യാന്തര മല്‍സരങ്ങളില്‍ കളത്തിലിറങ്ങുന്നത്