2026 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍. നിര്‍ണയക മല്‍സരത്തില്‍ പാരഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. കൊളംബിയ്ക്കെതിരെ അര്‍ജന്റീന സമനില വഴങ്ങി. യുറഗ്വായ് ലോകകപ്പ് യോഗ്യതയിലേക്ക് ഒരുപടികൂടി അടുത്തു.
നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയ്ക്ക് പിന്നാലെ അമേരിക്കയിൽ നിന്ന് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ബ്രസീൽ. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പരാഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീൽ 2026 ലോകകപ്പിന് യോഗ്യത നേടിയത്.
കളിയുടെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റയൽ മാഡ്രിഡ് താരം വിനിസ്യൂസ് ജൂനിയറാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. പരാഗ്വായുടെ പ്രതിരോധപ്പിഴവിൽ നിന്നായിരുന്നു ഗോള്‍. പുതിയ പരിശീലകൻ കാർലോ ആൻചലോട്ടിയുടെ കീഴിൽ ബ്രസീലിന് സ്വന്തം തട്ടകത്തിലെ വിജയകരമായ അരങ്ങേറ്റം കൂടിയായി ഈമല്‍സരം. ഇന്നലെ ജന്മദിനം ആഘോഷിച്ച കോച്ചിന് ടീമിന്റെ മധുരസമ്മാനം.
ഈ വിജയത്തോടെ, ലോകകപ്പിന്റെ എല്ലാ പതിപ്പുകളിലും പങ്കെടുത്ത ഏക ടീമെന്ന റെക്കോർഡ് ബ്രസീലിന് സ്വന്തം. മറ്റൊരു മല്‍സരത്തില്‍ കൊളംബിയ്ക്കെതിരെ അര്‍ജന്റീന കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ഈവര്‍ഷം ആദ്യമായി സ്വന്തം കാണികൾക്ക് മുന്നില്‍ ഇറങ്ങിയ ലയണൽ മെസ്സിയുടെ തിരിച്ചുവരവ് മത്സരത്തിൽ അർജന്റീന സമനിലയോടെ മടങ്ങി.
24ാം മിനിറ്റില്‍ കൊളംബിയയ്ക്കായി ലൂയിസ് ഡയസ് ലീഡ് നേടി. കളിയുടെ 81ാം മിനിറ്റുവരെ സമനില ഗോളിനായി അര്‍ജന്റീനയ്ക്ക് പോരാടേണ്ടിവന്നു. തിയാഗോ അല്‍മാഡോ അര്‍ജന്റീനയ്ക്കായി സമനില ഗോള്‍ നേടി. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് യുറഗ്വായ് ലോകകപ്പ് യോഗ്യതയിലേക്ക് ഒരു പടി കൂടി അടുത്തു. യുറഗ്വായ് പ്ലേ ഓഫിനുള്ള സ്ഥാനം ഉറപ്പിച്ചു.