പിരാനകളുടെ ആക്രമണത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വടക്കൻ ബ്രസീലിലെ ആമസോണസ് സംസ്ഥാനത്തുള്ള കോറി നഗരത്തിന് സമീപമാണ് ക്ലാര വിറ്റോറിയ എന്ന രണ്ടുവയസുകാരി നദിയിലേക്ക് വീണത്. വെള്ളത്തിന് മുകളിൽ നിർമ്മിച്ച വീട്ടിലായിരുന്നു കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.
വീട്ടിലെ സുരക്ഷിതമല്ലാത്ത വിടവിലൂടെയാണ് കുട്ടി വെള്ളത്തിലേക്ക് വീണത്. വീടിന് വേലിയോ സംരക്ഷണ റെയിലുകളോ ഇല്ലാത്തതും അപകടത്തിന് കാരണമായി. പിന്നാലെ പിരാന മത്സ്യങ്ങള്‍ കുട്ടിയെ പൊതിയുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ തിരച്ചിലിൽ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ കുട്ടിയെ കണ്ടെത്താനായെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. പിരാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കുട്ടിയുടെ കഴുത്തിനേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം.
സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൃതദേഹം ഫൊറൻസിക് നടപടികൾക്കായി ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. ആമസോൺ മേഖലയിൽ ജലനിരപ്പ് കുറയുന്ന സമയങ്ങളിൽ പിരാനകൾ കൂടുതൽ ആക്രമണകാരികളാകാറുണ്ട്. ഇതേ മാസം ആദ്യം ബ്രസീലിലെ മനാകാപുരുവിൽ മറ്റൊരു കുഞ്ഞും പിരാനകളുടെ ആക്രമണത്തിന് ഇരയായിരുന്നു.