statue-wind

TOPICS COVERED

 ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ബ്രസീലിയൻ നഗരമായ ഗ്വായ്ബയില്‍ സ്ഥാപിച്ച സ്റ്റാച്യു ഓഫ് ലിബർട്ടി (സ്വാതന്ത്ര്യ പ്രതിമ) മാതൃക തകർന്നു വീണു. 40 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമയാണ് മറിഞ്ഞുവീണത്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടവും പ്രതിമയുടെ ഉടമസ്ഥ കമ്പനിയും അറിയിച്ചു.

ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിന് സമീപമുള്ള ഹവൻ റീട്ടെയിൽ മെഗാസ്റ്റോറിന്റെ കാർ പാർക്കിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് നിലംപൊത്തിയത്. ഒരു വശത്തേക്ക് പ്രതിമ ചരിയുന്നതും പിന്നാലെ തകര്‍ന്നു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഴ്ചയുടെ ആഘാതത്തിൽ പ്രതിമയുടെ തല ചിന്നിച്ചിതറിപ്പോയി. 114 അടി ഉയരമുള്ള രൂപം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും പ്രചരിച്ചു.

ബ്രസീലിലുടനീളമുള്ള ഹവൻ സ്റ്റോറുകൾക്ക് പുറത്ത് സ്ഥാപിച്ച സമാനമായ നിരവധി നിർമിതികളിൽ ഒന്നായിരുന്നു ഇത്. അതേസമയം 24 മീറ്റർ വരുന്ന മുകള്‍ ഭാഗം മാത്രമാണ് തകര്‍ന്നതെന്നും 11 മീറ്റര്‍ ഉയരമുള്ള പീഠം കേടുകൂടാതെ നിന്നുവെന്നും നിര്‍മാതാക്കള്‍ പറയുന്നു. 2020ല്‍ സ്റ്റോര്‍ തുറന്ന സമയത്താണ് പ്രതിമ സ്ഥാപിച്ചതെന്നും ആവശ്യമായ സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരുന്നുവെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആ മേഖല ഉടൻ അടച്ചിട്ടെന്നും മണിക്കൂറുകൾക്കുള്ളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വിദഗ്ദ്ധ സംഘങ്ങളെ അയച്ചെന്നും കമ്പനി അധികൃതര്‍ പറയുന്നു.

കാലാവസ്ഥാ കേന്ദ്രം മണിക്കൂറിൽ 90 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള കാറ്റാണ് മേഖലയിൽ ഇന്നലെ രേഖപ്പെടുത്തിരുന്നത്. സംസ്ഥാന സിവിൽ ഡിഫൻസ് നേരത്തെ തന്നെ മെട്രോപൊളിറ്റൻ ഏരിയയിൽ കനത്ത കാലാവസ്ഥാ മുന്നറിയിപ്പും നൽകിയിരുന്നു. മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് അയച്ച അടിയന്തര സന്ദേശങ്ങളിലൂടെ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കുമുള്ള സാധ്യതയെക്കുറിച്ചും താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ENGLISH SUMMARY:

Brazilian Statue of Liberty replica collapsed due to strong winds. The 40-meter statue in Guayba fell during a storm, prompting immediate safety measures and cleanup efforts by the Havan store.