പോര്‍ച്ചുഗല്‍ കപ്പ് ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ റൊണാള്‍ഡോ കപ്പില്‍ ചുംബിച്ചിട്ടുണ്ടെങ്കില്‍ അതിനുകാരണമ നൂനോ മെന്‍ഡസാണ്. പോര്‍ച്ചുഗലിനെ നേഷന്‍സ് ലീഗ് ജേതാക്കളാക്കിയത് ലെഫ്റ്റ് ബാക്ക് നൂനോ മെന്‍ഡസിന്റെ പ്രതിരോധപ്പൂട്ടുകളാണ്. സ്പെയിനിന്റെ കൗമാരതാരം ലമീന്‍ യമാലിനെ ഇടംവലം തിരിയാന്‍ അനുവദിക്കാതെ മെന്‍ഡിസ് പൂട്ടി. യമാലിലേക്ക് പാസ് കിട്ടാതിരിക്കാനും കിട്ടിയാല്‍ അത് ഡിസ്കണക്ട് ചെയ്യാനും മെന്‍ഡസ് കാണിച്ച മിടുക്ക് പോര്‍ച്ചുഗലിന്റെ വിജയത്തില്‍ നിര്‍ണായകമായി. ശരിക്കും യമാലിനെ കളത്തില്‍ മണ്ടനാക്കിയെന്ന് പറയാം. പാസുകള്‍ കിട്ടുന്ന വഴിയിലെല്ലാം വിലങ്ങുതടിയായി മെന്‍ഡസ് നിന്നപ്പോള്‍ യമാലിന് ആദ്യപകുതിയില്‍ അനങ്ങാനായില്ല. രണ്ടാം പകുതിയിലും യമാലിന് ആ പൂട്ട് ഊരിയെടുക്കാനായില്ല.
ആധുനിക ഫുട്ബോളില്‍ ഒരു ലെഫ്റ്റ് ബാക് എന്തായിരിക്കണം എന്നത് സ്പെയിനെതിരെ നൂനോ മെന്‍ഡസ് ലോകത്തിന് കാണിച്ചു. 120 മിനിറ്റ് കളം നിറഞ്ഞു കളിച്ച മെന്‍ഡസ് 79 ടച്ചുകള്‍ ഒരു ഗോളും ഒരു ഗോളിന് വഴിവയ്ക്കുകയും ചെയ്തു. ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലും മെന്‍ഡസ് സ്കോര്‍ ചെയ്തു. മൂന്ന് ടാക്ലിളുകള്‍, അഞ്ച് ഡ്രിബ്ലിങ്ങില്‍ നാലിലും ജയിച്ചു. അങ്ങനെ മല്‍സരത്തിലെ താരമായി മെന്‍ഡസ്. നിലവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കാണ് നൂനോ മെന്‍ഡസ്.
അസാധാരണ പ്രതിരോധ മികവാണ് ഈ 22കാരന്. ഇടത് വശങ്ങളിലൂടെ കുതിച്ചുകയറാനും കൗണ്ടര്‍ അറ്റാക്ക് നടത്താനും അവസരങ്ങള്‍ സൃഷ്ടിക്കാനും കേമന്‍. എത്രവലിയ സമ്മര്‍ദമായാലും സമചിത്തതയോടെ കളിക്കും. അതിവേഗത്തില്‍ പായുന്ന മെന്‍ഡസിന്റെ ടെക്നിക്കും മികച്ചതാണ്. ആക്രമണം മുന്‍കൂട്ടി കാണാനും അത് നിര്‍വീര്യമാക്കാനും മിടുക്കുണ്ട്. പന്ത് റിക്കവറി ചെയ്ത് എടുക്കാനും കേമന്‍. ശരീരത്തിന്റെ ബാലന്‍സും എടുത്തുപറയേണ്ടതാണ്. ആദ്യകാലത്ത് മുന്നേറ്റ നിരയില്‍ കളിച്ച സ്പോര്‍ട്ടിങ് ക്ലബ്ബാണ് ലെഫ്റ്റ് ബാക്കിലേക്ക് മാറ്റിയത്. എന്തായാലും ആ മാറ്റം ഇപ്പോള്‍ മെന്‍ഡസിനെ യൂറോപ്പിലെ മികച്ച ലെഫ്റ്റ് ബാക്ക് ആക്കി മാറ്റിയിരിക്കുന്നു. ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ ജേഴ്സിയിലും മിന്നും ഫോമിലായിരുന്നു. മുഹമ്മദ് സലയെയും ബുകായോ സക്കയെയും പൂട്ടിയിട്ട മെന്‍ഡസ് പിഎസ്ജിയുടെ കിരീട നേട്ടത്തില്‍ ഗോളടിച്ച പ്രതിരോധക്കാരിലെ മുമ്പനായി. ചാംപ്യന്‍സ് ലീഗ് കിരീടവും നേഷന്‍സ് ലീഗ് കിരീടവും നേടി മെന്‍ഡസ് പെര്‍ഫെക്ട് ലെഫ്റ്റ് ബാക്കായി ഫുട്ബോള്‍ ലോകത്ത്നിറഞ്ഞു.