ഗോളടിക്കാൻ മറക്കുന്ന മുന്നേറ്റ നിരക്ക് കരുത്ത് നൽകാൻ ബ്രസീലിൽ നിന്നൊരു സ്ട്രൈക്കറെ ഇറക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. വോൾവർഹാംപ്ടൺ താരമായ മത്തെയോസ് കൂന്യയെ 62.5 മില്യൺ യൂറോ റിലീസ് ക്ലോസ് കൈമാറിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ എത്തിച്ചത്. ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് കൂടി നീട്ടാം എന്ന വ്യവസ്ഥയോടെ അഞ്ചു വർഷത്തേക്കാണ് കരാർ. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിൽ എത്തിയ കൂന്യ ആരോഗ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. 2023 ൽ ലാ ലീഗയിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബ് വോൾവർഹാംപ്റ്റനിൽ എത്തിയ കൂന്യ 76 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയിട്ടുണ്ട്.
15 ആം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇക്കുറി ഫിനിഷ് ചെയ്തത്. പ്രധാന സ്ട്രൈക്കർ റാസ്മസ് ഹോയ്ലൂൺ 32 മത്സരങ്ങളിൽ നിന്ന് നേടിയതാകട്ടെ 4 ഗോളുകൾ മാത്രം. 8 ഗോളുകളുമായി പ്ലേമേക്കർ ബ്രൂണോ ഫെർണാണ്ടസും അമാദ് ഡിയാലോയുമാണ് യുണൈറ്റഡിന്റെ ടോപ്പ് സ്കോറർ. വൂൾഫ്സിനായി 36 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളാണ് ഇക്കുറി കൂന്യയുടെ നേട്ടം. ഓപ്പൺ പ്ലേയിൽ കൂന്യയോളം അവസരങ്ങൾ ഒരുക്കിയ മറ്റൊരു വൂൾഫ്സ് താരം ഇല്ല. 3-4-2-1 സിസ്റ്റത്തിന് യോജിച്ച താരം കൂടിയാണ് കൂന്യ. നേർക്കുനേർ എത്തിയപ്പോഴെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിറപ്പിച്ച ചരിത്രമാണ് മത്തെയോസ് കൂന്യയുടേത്. കഴിഞ്ഞ സീസണിൽ കോർണർ കിക്കിൽ നിന്ന് നേരിട്ട് ഗോളടിച്ച് മത്തെയോസ് കൂന്യ യുണൈറ്റഡ് പ്രതിരോധത്തെ കാഴ്ചക്കാരാക്കിയിരുന്നു
സ്വിറ്റ്സർലൻഡ് വഴി യൂറോപ്യൻ ടിക്കറ്റ്
കുട്ടിക്കാലത്ത് ഫുട്സാൽ താരമായിരുന്നു മത്തെയോസ് കൂന്യ. കൊറിറ്റിബ യൂത്ത് അക്കാദമിയിലേക്ക് അവസരം ലഭിച്ചതോടെ ഫുട്സാൾ ഫുട്ബാളിനു വഴിമാറി. ഡാലസ് യൂത്ത് കപ്പിൽ നടത്തിയ പ്രകടനം യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. സ്വിസ് ക്ലബ് സിയോൺ ആണ് മത്തെയോസ് കൂന്യയേ യൂറോപ്പിൽ എത്തിച്ചത്. ജർമൻ ക്ലബ് ആർ ബി ലൈബ്സിഗ്, ഹെർത്ത, അത്ലറ്റിക്കോ മാഡിഡ് ക്ലബുകൾക്കായി കളിച്ച ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്
അർജന്റീനക്കെതിരെ അരങ്ങേറ്റ ഗോൾ
ബ്രസീൽ അണ്ടർ 23 ടീമിനായി 24 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് കൂന്യയുടെ സമ്പാദ്യം. 2021ൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആദ്യമായി കാനറികളുടെ സീനിയർ ടീമിൽ ഇടം കിട്ടി. നാല് വർഷം കാത്തിരിക്കേണ്ടി വന്നു ബ്രസീലിനായി ഗോൾ അടിക്കാൻ. അർജന്റീനക്കെതിരെ ബ്രസീൽ 4-1 നു പരാജയപ്പെട്ട മത്സരത്തിൽ ആശ്വാസഗോൾ നേടിയത് മത്തെയോസ് കൂന്യയായിരുന്നു.