മെസിയും അര്‍ജന്‍റീനയും ഈവര്‍ഷം കേരളത്തിലെത്താനുള്ള സാധ്യതകള്‍ അടയുന്നു. ഒക്ടോബറില്‍ ചൈനയിലും നവംബറില്‍ അംഗോളയിലും ഖത്തറിലുമായിരിക്കും ടീം കളിക്കുകയെന്ന് അര്‍ജന്‍റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നാണ് വിവരം. അപ്പോഴും മെസിവരുമെന്ന് ആവര്‍ത്തിക്കുകയാണ് കായിക മന്ത്രി. ആറ് മാസം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2024 നവംബര്‍ 20നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രഖ്യാപനം. ഒന്നര മാസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധകളുടെ സന്ദര്‍ശനം ഇതുവരെ ഉണ്ടായില്ല.
ഇന്ത്യയില്‍ കളിക്കുന്നതിനെ കുറിച്ച് ക മ എന്നൊരക്ഷരം അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ മിണ്ടിയിട്ടില്ല. അപ്പോഴും മന്ത്രി പല തവണ പല സ്ഥലങ്ങളില്‍ ഒക്ടോബറില്‍ മെസിയെത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ ആദ്യത്തെ സ്പോണ്‍സര്‍ മാറി. പുതിയ സ്പോണ്‍സറായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് വന്നു. അങ്ങനെയിരിക്കെയാണ് അര്‍ജന്‍റീനയിലെ പ്രമുഖ സ്പോര്‍ട്സ് ചാനല്‍ ടിവൈസി സ്പോര്‍ട്സിലെ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുലിന്‍റെ എക്സ് പോസ്റ്റ് വരുന്നത്.
ഒക്ടോബറില്‍ അര്‍ജന്‍റീന രണ്ട് സൗഹൃദ മത്സരം കളിക്കും. രണ്ടും ചൈനയിലായിരിക്കും. കുറച്ച് ദിവസങ്ങള്‍ക്കകം മറ്റൊരു പോസ്റ്റ്. നവംബറില്‍ അര്‍ജന്‍റീന രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ഒന്ന് അംഗോളയില്‍, മറ്റൊന്ന് ഖത്തറില്‍. അര്‍ജന്‍റീന ഫുട്ബോളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ലോകമെമ്പാടുമുള്ള ആരാധാകര്‍ ആശ്രയിക്കുന്ന ടയര്‍ വണ്‍ മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍ എഡുല്‍.
എങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മെസി വരുമെന്ന് ഇപ്പോഴും കായിക മന്ത്രിയും സ്പോണ്‍സറും പറയുന്നത്. പക്ഷെ എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല. അപ്പിയറന്‍സ് ഫീസായി എണ്‍പത് കോടിയോളം രൂപ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് നല്‍കണമെന്നാണ് വിവരം. ഇതിനുള്ള സമയപരിധി അവസാനിച്ചോ..? ഉത്തരമില്ല. സ്പോണ്‍സര്‍മാര്‍ പണം കണ്ടെത്തും മുന്‍പ് തന്നെ എന്തടിസ്ഥാനത്തിലാണ് അര്‍ജന്‍റീന ടീം കേരളത്തിലെത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത് ...? കുറച്ച് പൈസ കൊടുത്തുവെന്നും ബാക്കി തുക ഒരാഴ്ചക്കകം നല്‍കുമെന്നുമാണ് സ്പോണ്‍സറുടെ വാദം. എത്ര തുക നല്‍കി...? ഇനിയെത്ര ബാക്കി...? പണം നല്‍കാന്‍ വൈകിയതിന്‍റെ കാരണമെന്ത്...? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല.