അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക് എത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. അര്‍ജന്‍റീനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ടീം ഒക്ടോബറില്‍ ചൈനയില്‍ എത്താനാണ് സാധ്യത. നവംബറില്‍ അംഗോളയിലും പിന്നീട് ഖത്തറിലേക്കും പര്യടനം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
കായിക മന്ത്രി വി അബ്ദുറഹിമാന്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാഴ്വാക്കാകുമോ? അര്‍ജന്‍റീനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന അതാണ്. മെസിയുള്‍പ്പെടുന്ന അര്‍ജന്‍റീന ടീം കേരളത്തില്‍ എത്തുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ഒരു മാസം മുന്‍പ് അര്‍ജന്‍റീന യുടെ സ്പോണ്‍സര്‍മാരായ എച്ച്എസ്ബിസി ടീം ഒക്ടോബറില്‍ എത്തുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനോടും മെസിയോടും അടുപ്പമുള്ള അര്‍ജന്‍റീനിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ്.
ഒക്ടോബറില്‍ ചൈനയില്‍ രണ്ട് സൗഹൃദമത്സരങ്ങള്‍ കളിച്ചേക്കുമെന്നും നവംബറില്‍ അഗോളയിലും ശേഷം ഖത്തറിലും സൗഹൃദമത്സരം ഉണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലേക്ക് ടീമിനെ അയയ്ക്കുന്ന കാര്യത്തില്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.