ഫുട്ബോളില്‍ കളിക്കാര്‍ തമ്മിലും പരിശീലകര്‍ തമ്മിലും ഉള്ള വാക്പോര് പതിവാണ്. എന്നാല്‍ ഈ വാക്പോര് ആശാനും ശിഷ്യനും തമ്മിലായാലോ? അതാണ് ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ആശാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ് ഗാര്‍ഡിയോളയും ശിഷ്യനും ഇപ്പോള്‍ ആര്‍നസല്‍ ഗണ്ണേഴ്സിന്‍റെ പരിശീലകനുമായ മികേല്‍ അര്‍ട്ടേറ്റയുമാണ് കളത്തിന് പുറത്തും മല്‍സരച്ചൂട് നിലനിര്‍ത്തുന്നത്. ഇരുവരും തമ്മിലുള്ള വാക്പോര് രൂക്ഷമാകുമ്പോള്‍ ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് മിടുക്ക് ആശാനോ ശിഷ്യനോ എന്നുള്ളതാണ്.
കളി കളത്തിന് പുറത്ത്
ഈ സീസണിലെ ആദ്യമല്‍സരത്തില്‍ ആര്‍സനലിനോട് സമനിലയില്‍ വഴങ്ങിയ ശേഷം പെപ് നടത്തിയ വിമര്‍ശനങ്ങള്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നിങ്ങള്‍ക്ക് യുദ്ധം വേണമെങ്കില്‍ ഞങ്ങള്‍ യുദ്ധം ചെയ്യുമെന്നായിരുന്നു പെപ്പിന്‍റെ വാക്കുകള്‍. മൂന്നു വര്‍ഷം സിറ്റിയില്‍ പെപ്പിന്‍റെ സഹായിയായി ജോലി ചെയ്ത തനിക്ക് സിറ്റിയെക്കുറിച്ച് എല്ലാം അറിയാമെന്ന അര്‍ട്ടേറ്റയുടെ വാക്കുകളും പെപ്പിനെ ചൊടിപ്പിച്ചു. അതേ സമയം പെപ്പിനോടുള്ള ബന്ധത്തില്‍ ഒരു തരത്തിലുമുള്ള വിള്ളലുകള്‍ ഇല്ലെന്ന നിലപാടിലാണ് അര്‍ട്ടേറ്റ. പ്രഫഷനല്‍ ബന്ധവും വ്യക്തിബന്ധവും രണ്ടായി കണ്ട് മുന്നോട്ട് പോകണമെന്ന നിലപാടും അര്‍ട്ടേറ്റ മുന്നോട്ടു വച്ചു.
അതേ സമയം സിറ്റി സ്ട്രൈക്കര്‍ ഹാളണ്ടിനോട് വിനയത്തോടെ ഇരിക്കാന്‍ അര്‍ട്ടേറ്റ പറഞ്ഞത് മറ്റൊരു വിവാദമായി. എന്നാല്‍ റിവേഴ്സ് ഫിക്സ്ചറില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് സിറ്റിയെ തകര്‍ത്താണ് അര്‍ട്ടേറ്റ പെപ്പിനോട് പ്രതികാരം ചെയ്തത്. നിലവില്‍ 25 മല്‍സരങ്ങള്‍ പൂര്‌ത്തിയാക്കിയ ആര്‍സനല്‍ 53 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും, 44 പോയിന്‍റുള്ള സിറ്റി നാലാംസ്ഥാനത്തുമാണ്.
പെപ്പും അര്‍ട്ടേറ്റയും
സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ അക്കാദമിയിലാണ് പെപ്പും അര്‍ട്ടേറ്റയും കണ്ടുമുട്ടുന്നത്. അര്‍ട്ടേറ്റയില്‍ ഒരു നല്ല പരിശീലകന്‍ ഉണ്ടെന്ന് കണ്ടെത്തുന്നതും പെപ്പാണ്. ബാര്‍സിലോനയില്‍ കളിക്കാരനായി കരിയര്‍ തുടങ്ങിയ അര്‍ട്ടേറ്റ 2016ല്‍ പെപ്പിന്‍റെ ശിഷ്യനായാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. 2019ലാണ് ഗണ്ണേഴ്സിന്‍റെ പരിശീലകസ്ഥാനം അര്‍ട്ടേറ്റ ഏറ്റെടുക്കുന്നത്. അന്നു മുതല്‍ സിറ്റിക്ക് കനത്ത വെല്ലുവിളിയാണ് ആര്‍സനല്‍ ഉയര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ വെറും രണ്ടു പോയിന്‍റ് വ്യത്യാസത്തിനാണ് ആര്‍സനല്‍ പ്രീമിയര്‍ ലീഗ് കിരീടം സിറ്റിക്ക് അടിയറ വച്ചത്. ഇവര്‍ തമ്മിലുള്ള വാക്പോര് കളത്തിന് പുറത്തേക്കും വ്യക്തിപരമായ നിലയിലേക്കും മാറുമ്പോള്‍ ആര് ആരെ മറികടക്കും എന്ന കണ്ടുതന്നെ അറിയണം.