File images(AP)
സമൂഹമാധ്യമങ്ങളില്‍ വൈറലായ വാര്‍ത്തയായിരുന്നു സൂപ്പര്‍താരം ലയണല്‍ മെസിയുടെ മകന്‍ തിയാഗോ ഇന്‍റര്‍ മയാമി അണ്ടര്‍ 13നായ 11 ഗോളടിച്ചുവെന്നത്. മേജര്‍ സോക്കര്‍ ലീഗ് അണ്ടര്‍ 13ല്‍ അറ്റ്ലാന്റയ്ക്കെതിരെയായിരുന്നു തിയാഗോയുടെ നേട്ടമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാലിതാ അത് വ്യാജവാര്‍ത്ത ആയിരുന്നുവെന്നും ഈ സീസണില്‍ ഇന്‍റര്‍ മയാമി അണ്ടര്‍ 13 ടീം അറ്റ്ലാന്‍റയുമായി കളിക്കുന്നില്ലെന്നുമാണ് വാസ്തവം. ടൂര്‍ണമെന്‍റിന്‍റെ ഒഫീഷ്യല്‍ സെറ്റില്‍ ഇത്തരമൊരു വിവരമേയില്ല. അടുത്ത സീസണിലും മല്‍സരമുള്ളതായി വിവരമില്ല.
11 ഗോളുകള്‍ തിയാഗോ അടിച്ചുകൂട്ടിയെങ്കില്‍ ഇന്‍റര്‍ മയാമിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലെവിടെയെങ്കിലും അത് കാണേണ്ടെയെന്നും ഫാക്ട് ചെക്കേഴ്സ് ചോദ്യം ഉയര്‍ത്തുന്നു. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അത്തരമൊരു വാര്‍ത്തയേയില്ല. ക്ലബിന്‍റെ സൂപ്പര്‍താരത്തിന്‍റെ മകന്‍ ഇത്ര വലിയ നേട്ടം സ്വന്തമാക്കുമ്പോള്‍ ക്ലബ് അടങ്ങിയിരിക്കുമോയെന്നതും വിദേശമാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ജീവചരിത്രമെഴുതിയ സ്പാനിഷ് ഫുട്ബോള്‍ ജേണലിസ്റ്റും എഴുത്തുകാരനുമായ ഗല്ലിം ബലാഗും വാര്‍ത്ത നിഷേധിച്ചു. വ്യാജവാര്‍ത്തയാണിത് സുഹൃത്തുക്കളേ, എന്‍റെ അറിവില്‍ ഇങ്ങനെയൊരു സംഭവമില്ലെന്നായിരുന്നു ഗല്ലിമിന്‍റെ സമൂഹമാധ്യമ പോസ്റ്റ്.
ആദ്യപകുതിയില്‍ തിയാഗോ അഞ്ച് ഗോളുകളടിച്ചുവെന്നും രണ്ടാം പകുതിയില്‍ ആറുഗോളും കൂട്ടിച്ചേര്‍ത്തുവെന്നും പുറത്തുവന്ന റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. കളിയുടെ 12–ാം മിനിറ്റിലാണ് തിയാഗോ ഗോളടി തുടങ്ങിയതെന്നും 89–ാം മിനിറ്റില്‍ പതിനൊന്നാം ഗോള്‍ നേടിയെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അതിവേഗത്തിലാണ് ഈ വ്യാജവാര്‍ത്ത ലോകം ചുറ്റിയത്. പിന്നാലെയാണ് ഇത് വാസ്തവമല്ലെന്ന് മെസിയോട് അടുത്തവൃത്തങ്ങളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.