ഒറ്റ മത്സരത്തില്‍ 11 ഗോളുകള്‍ അടിച്ചുകൂട്ടി ലയണല്‍ മെസിയുടെ മകന്‍ തിയാഗോ മെസി. ഇന്റര്‍ മയാമി അണ്ടര്‍ 13 ടീമിനായാണ് തിയാഗോയുടെ മിന്നും പ്രകടനം. മേജര്‍ സോക്കര്‍ ലീഗ് അണ്ടര്‍ 13 ലീഗിലാണ് കൊച്ചുമെസി ഗോള്‍ വേട്ട നടത്തിയത്. അറ്റ്ലാന്റ യുണൈറ്റഡാണ് തിയാഗോയുടെ ബൂട്ടുകളുടെ ചൂടറിഞ്ഞത്. എതിരില്ലാത്ത 12 ഗോളുകള്‍ക്ക് ഇന്റര്‍ മയാമി ജൂനിയര്‍ ടീം വിജയിച്ചു.
ഡീഗോ ലൂണ ജൂനിയറെന്ന താരമാണ് ടീമിന്റെ മറ്റൊരു സ്കോറര്‍. ആദ്യ പകുതിയില്‍ തിയാഗോ അഞ്ചുഗോളുകളടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ആറുഗോളുകളുമായി അറ്റ്ലാന്റയുടെ വലനിറച്ചു. 12ാം മിനിറ്റിലാണ് ഗോള്‍ േവട്ട തുടങ്ങിയത്. 89ാം മിനിറ്റില്‍ പതിനൊന്നാം ഗോള്‍ നേടി. 2023ലാണ് ലയണല്‍ മെസിയുടെ മൂത്തമകനായ തിയാഗോ ഇന്റര്‍ മയാമി യൂത്ത് അക്കാദമിയിലെത്തുന്നത്. ലയണല്‍ മെസി ബാര്‍സിലോന താരമായിരിക്കെ ബാര്‍സ യൂത്ത് അക്കാദമിയിലും തിയാഗോ പരിശീലനം നടത്തിയിട്ടുണ്ട്.
2012ല്‍ ജനിച്ച് 72 മണിക്കൂറിനകം തിയാഗോയ്ക്ക് കരാര്‍ വാഗ്ദാനം ചെയ്തുകൊണ്ട് അര്‍ജന്റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ് ക്ലബ് രംഗത്ത് വന്നത് കൗതുകമായിരുന്നു. ലയണല്‍ മെസിയുടെ ബാല്യകാല ക്ലബാണ് ന്യൂവെല്‍ ഓള്‍ഡ് ബോയ്സ്. തിയാഗോയെ കൂടാതെ ലൂയി സുവാരസിന്റെ മകന്‍ ബെഞ്ചമിന്‍ സുവാരസും ഇന്റര്‍ മയാമി ജൂനിയര്‍ ടീമിനായി കളിക്കുന്നുണ്ട്.