ഇന്ത്യൻ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുമായി താരതമ്യം ചെയ്യുന്നതിനെതിരെ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. സച്ചിനുമായി ആരെയും താരതമ്യം ചെയ്യരുതെന്നും അക്കാലത്തെ ബൗളിങ് നിരയും ഇന്നത്തെ ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഗാംഗുലി പറയുന്നു. കൊൽക്കത്തയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചിന് തെണ്ടുല്‍ക്കറുമായി ആരെയും താരതമ്യം ചെയ്യരുതെന്നും ഒരു കളിക്കാരനെന്ന നിലയിൽ സച്ചിന്റെ കഴിവ് അവിശ്വസനീയമായിരുന്നുവെന്നും സൗരവ് ഗാംഗുലി പറഞ്ഞു. സച്ചിന് 100 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയത് മികച്ച അനവധി ബൗളർമാരെ നേരിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്റെ വസീം അക്രം, വഖാർ യൂനിസ്, ഷൊയ്ബ് അക്തർ, വെസ്റ്റ് ഇൻഡീസിന്റെ കർട്ട്ലി ആംബ്രോസ്, കോട്നി വാൽഷ്, ഇയാൻ ബിഷപ്പ്, ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത്, ബ്രെറ്റ് ലീ, ഷെയ്ൻ വോൺ, ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ്, ഷോൺ പൊള്ളോക്ക്, ഡെയ്ൽ സ്റ്റെയ്ൻ എന്നിങ്ങനെ ലോകോത്തര ബൗളർമാരെ നേരിട്ടാണ് സച്ചിൻ റൺസ് വാരിക്കൂട്ടിയതെന്ന് ഗാംഗുലി ഓർമിപ്പിച്ചു.
വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് മികച്ചതാണെന്നും എന്നാൽ അത് തികച്ചും വ്യത്യസ്തമായ ഒരു ശൈലിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ന് വൈഭവ് ക്രീസിലെത്തി ആദ്യ മൂന്ന് പന്തുകളും ഗാലറിയിലേക്ക് പറത്തി. അത് വലിയൊരു കഴിവാണ്. കാലം മാറിയതനുസരിച്ച് ക്രിക്കറ്റും ബൗളിങ്ങുമെല്ലാം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് മറ്റൊരു സച്ചിൻ തെണ്ടുൽക്കറെ ലഭിക്കുക പ്രയാസമാണെന്ന് ഞാൻ പറയുന്നത്.'- ഗാംഗുലി കൂട്ടിച്ചേർത്തു.
അടുത്തിടെ യു.എഇ എ ടീമിനെതിരായ മത്സരത്തിൽ 52 പന്തിൽ ഇരട്ട സെഞ്ച്വറി നേടി വൈഭവ് സൂര്യവംശി ലോകറെക്കോർഡ് ഇട്ടിരുന്നു. 28 സിക്സറുകളും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു ഈ മിന്നും പ്രകടനം. ഇതിനുപിന്നാലെയാണ് ക്രിക്കറ്റ് ലോകത്ത് വൈഭവ് സച്ചിനുമായുള്ള താരതമ്യങ്ങൾ സജീവമായത്.