india-ns

ഇന്ത്യ–ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍ മുഹമ്മദ് സിറാജ് മടങ്ങിയെത്തുമെന്ന് സൂചന. വെല്ലിങ്ടണിലെ ആദ്യ ടെസ്റ്റില്‍ ജയത്തിന് സമീപമെത്തിയശേഷം സമനില വഴങ്ങേണ്ടി വന്നതിനെത്തുടര്‍ന്നാണ് ഇത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 27 ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ തുടങ്ങും.

മുഹമ്മദ് സിറാജ് എന്തുകൊണ്ട് ഈ ടീമില്‍ ഇല്ലെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. വെല്ലിങ്ടണില്‍ ഇന്ത്യ–ന്യൂസീലന്‍ഡ് ആദ്യ ടെസ്റ്റിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഹര്‍ഷ ഭോഗ്‍‌ലെ ഉള്‍പ്പടെയുള്ള കമന്റേറ്റര്‍ മാര്‍ ആവര്‍ത്തിച്ചുപറഞ്ഞ വാചകം. ടെസ്റ്റിന്‍റെ അഞ്ചാം ദിവസം ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനും സിറാജിന്‍റെ അഭാവം ബോധ്യപ്പെട്ടിടുണ്ടാകണം. സിറാജിനെ ഒഴിവാക്കിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പടെ രംഗത്തുവന്നിരുന്നു. 

അഞ്ചാം ദിവസം രണ്ടുവിക്കറ്റിന് 119 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് ഡെവന്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ടോം ബ്ലന്‍ഡെല്‍ എന്നിവരെ നഷ്ടമായെങ്കിലും ഡാരില്‍ മിച്ചല്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും പാറപോലെ ചെറുത്തുനിന്നു. വൈറ്റ് ബോൾ ക്രിക്കറ്റിലെ പ്രമുഖരായ മിച്ചലും ഫിലിപ്‌സും റെഡ്ബോളില്‍ മറ്റൊരുമുഖം വെളിപ്പെടുത്തി. ജസ്പ്രീത് ബുംറ, ആകാസ് ദീപ്, അംശുല്‍ കാംബോജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാറിമാറി ശ്രമിച്ചിട്ടും മിച്ചലും ഫിലിപ്സും കുലുങ്ങിയില്ല. ഇവിടെയാണ് പരിചയസമ്പന്നായ സിറാജിന്‍റെ അഭാവം വീണ്ടും പ്രസക്തമായത്. 

ഈ സമനില ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകളെയും ബാധിച്ചു. പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുമ്പോഴും ഇന്ത്യയുടെ പോയിന്‍റ്  51.52ൽ നിന്ന് 50 ആയി കുറഞ്ഞു. ന്യൂസീലൻഡ് 66.67 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് പോയി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഒന്നുംരണ്ടും സ്ഥാനങ്ങളില്‍.   

27ന് ക്രിസ്റ്റച്ചർച്ചിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുൻപ്  മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ഗില്ലും പേസ് ആക്രമണത്തിന്‍റെ ശക്തിദൗര്‍ബല്യങ്ങള്‍ വിലയിരുത്തും. സിറാജ് മടങ്ങിയെത്തുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. 

ENGLISH SUMMARY:

fast bowler Mohammed Siraj is expected to make a strong comeback for India in the second Test against New Zealand in Christchurch. The team management is reconsidering their pace attack strategy following a disappointing draw in the opening Test at Wellington.