File Image: AFP
അടുത്ത നാലു വര്‍ഷത്തേക്കുള്ള മെന്‍സ് ഇവന്റ്സ് കലണ്ടര്‍ പുറത്തുവിട്ട് ഐസിസി. കലണ്ടര്‍ പ്രകാരം 2029ലെ ചാംപ്യന്‍സ് ട്രോഫിക്കും 2031ലെ ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും. 2029 ഒക്ടോബര്‍ ഒന്‍പത് മുതല്‍ 28വരെയാണ് ചാംപ്യന്‍സ് ട്രോഫി നിശ്ചയിച്ചിരിക്കുന്നത്. 2031ലെ ഏകദിന ലോകകപ്പ് ഇന്ത്യയും ബംഗ്ലദേശും ചേര്‍ന്ന് ഒക്ടോബര്‍ ഒന്‍പത് മുതല്‍ നവംബര്‍ 23 വരെ നടത്തും. ഇന്നലെ ബാലിയില്‍ ചേര്‍ന്ന ഐസിസി യോഗത്തിലാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. 2028 ലെ വനിത ട്വന്റി 20 ലോകകപ്പ് പാക്കിസ്ഥാനിലാകും നടക്കുക. ഇന്ത്യയുടെ മല്‍സരങ്ങള്‍ പതിവുപോലെ ദുബായില്‍ നടക്കും.
ട്വന്റി 20 ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസീലന്‍ഡും ചേര്‍ന്നാകും ആതിഥേയത്വം വഹിക്കുക. ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 12 വരെയാണ് മല്‍സരങ്ങള്‍. 2029ലെയും 2031ലെയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടാകും വേദി. ജൂണ്‍ എട്ട് മുതല്‍ 12വരെയാകും ടെസ്റ്റ്. 2030 ലെ ട്വന്റി 20 ലോകകപ്പിന് ഇംഗ്ലണ്ടും അയര്‍ലന്‍ഡും സ്കോട്ലന്ഡും സംയുക്തമായി ആതിഥേയരാകും. ജൂണ്‍ നാല് മുതല്‍ ഓഗസ്റ്റ് നാലുവരെയാണ് മല്‍സരങ്ങള്‍.
2032 ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വേദി പ്രഖ്യാപിച്ചിട്ടില്ല. 2032–35 വരെയുള്ള സൈക്കിളും 2028–31ലേതിന് ഏറെക്കുറെ സമാനമാണ്. 2035ലെ ഏകദിന ലോകകപ്പിന് മുന്‍പായി രണ്ട് ട്വന്റി 20 ലോകകപ്പുകളും ഏകദിന ചാംപ്യന്സ്ട്രോഫിയും നടക്കും. സാമ്പത്തികഭദ്രതയ്ക്കായി ഏകദിന–ട്വന്റി 20 ടൂര്‍ണമെന്റുകളെ തന്നെ ഐസിസി ആശ്രയിക്കുന്നുവെന്നാണ് കലണ്ടര്‍ വ്യക്തമാക്കുന്നത്. ബൈലാറ്ററല്‍ വൈറ്റ് ബോള്‍ പരമ്പരകള്‍ കുറയുമെങ്കിലും ടൂര്‍ണമെന്റുകള്‍ക്ക് അനിവാര്യമായ മല്‍സരങ്ങള്‍ തുടര്‍ന്നേക്കും. ബ്രോഡ്കാസ്റ്റര്‍മാരുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
അതേസമയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഉടന്‍ വികസിപ്പിച്ചേക്കില്ലെന്ന സൂചനയും ഐസിസി നല്കുന്നു. വൈകാതെ പ്രഖ്യാപിക്കാനിരിക്കുന്ന ഷെഡ്യൂളില്‍ നിലവിലുള്ള ഒന്‍പത് ടീമുകള്‍ മാത്രമാകും ഉണ്ടാവുക. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് പുറത്തുള്ള മല്‍സരങ്ങള്‍ക്ക് കാര്യമായ വരുമാനവും ലാഭവും ലഭിക്കില്ലെന്നതാണ് കാരണമായി ഐസിസി കണക്കാക്കുന്നതെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്ന സിംബാംബ്വെയുടേയും അയര്‍ലന്‍ഡിന്റെയും ആവശ്യങ്ങളും ഐസിസിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു.