കളിക്കളത്തില്‍ സിക്സറുകളും ഫോറുകളും പായിച്ച് എതിരാളികളെ വിറപ്പിച്ച് സൂര്യകുമാര്‍ യാദവ് ആരാധകരെ കൈയ്യിലെടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ സൂര്യകുമാര്‍ യാദവിന്‍റെ എളിമയാണ് അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്. കൊൽക്കത്തയിൽ മുംബൈ ടീമിലെ സഹതാരം സർഫറാസ് ഖാനൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന സൂര്യകുമാറിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറല്‍.
സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ഇരുവരും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണിത്. മുംബൈ നായകൻ കൂടിയായ സൂര്യകുമാർ യാദവും സർഫ്രാസ് ഖാനും നിലത്തിരുന്ന് ചൂടോടെ ചുടുന്ന റൊട്ടിയും മട്ടന്‍ കറിയുമാണ് കഴിക്കുന്നത്.
തങ്ങൾക്കായി സ്വാദൂറുന്ന മട്ടൻ കറി തയ്യാറാക്കി നൽകിയ മാണിക് എന്ന സുഹൃത്തിനെയും വിഡിയോയിൽ സൂര്യകുമാർ പരിചയപ്പെടുത്തുന്നുണ്ട്. അരികിൽ മറ്റൊരാൾ അടുപ്പിലിരുന്ന് ചൂടുള്ള റൊട്ടി ചുട്ടെടുക്കുന്നതും വീഡിയോയിൽ കാണാം. ഇങ്ങനെ കഴിക്കുന്നത് ഹോംലി ഫീല്‍ ആണെന്നും അദ്ദേഹം പറയുന്നുണ്ട്.
ഭക്ഷണം അതീവ രുചികരം ആണെന്നും രുചികാരണം തനിക്ക് സംസാരിക്കാന്‍ പോലും തോന്നുന്നില്ലെന്നും ഇപ്പോഴത്തെ തന്‍റെ ഒരോയൊരു ആഗ്രഹം ഭക്ഷണം മുഴുവന്‍ കഴിക്കുക മാത്രമാണെന്നും സര്‍ഫറാസ് പറയുന്നത് ചുറ്റും ചിരിപടര്‍ത്തുന്നുമുണ്ട്.
കോടികളുടെ ആസ്തിയുള്ള താരങ്ങളായിട്ടും യാതൊരുവിധ താരപ്പകിട്ടുമില്ലാതെ, സാധാരണക്കാരെപ്പോലെ തറയിലിരുന്ന് ഭക്ഷണം ആസ്വദിക്കുന്ന ഇരുവരെയും പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'എന്താരു സിംപിള്‍ മനുഷ്യന്‍', 'ഇതാണ് യഥാർത്ഥ ഡൗൺ ടു എർത്ത്' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.