pratika-batting

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകര്‍പ്പൻ ജയം. വഡോദരയിലെ കൊട്ടാംബി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 49.5 ഓവറിൽ 197 റൺസിന് ഓൾഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ 27.1 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.

 

സെഞ്ചറി നേടിയ ഓപ്പണർ പ്രതിക റാവൽ (96 പന്തിൽ 100*), അർധസെഞ്ചറി നേടിയ ഷെഫാലി വർമ (33 പന്തിൽ 64*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ക്യാപ്റ്റൻ സ്മൃതി മന്ഥന 34 പന്തിൽ 32 റൺസെടുത്ത് പുറത്തായി. ഇതോടെ 3 മത്സര ഏകദിന പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലായി. 

 

മറുപടി ബാറ്റിങ്ങിൽ, ഷെഫിലിക്കു പകരം പ്രതികാ റാവലാണ് സ്മൃതി മന്ഥനയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്.  ഒന്നാം വിക്കറ്റിൽ പ്രതികയും സ്മൃതിയും ചേർന്ന് 94 റൺസ് കൂട്ടിച്ചേർത്തു. 16–ാം ഓവറിലാണ് സ്മൃതി പുറത്തായത്.

 

മൂന്നാം നമ്പറിൽ ഷെഫാലി എത്തിയതോടെ ഇന്ത്യൻ ഇന്നിങ്സ് അതിവേഗം കുതിച്ചു. 54 പന്തിലാണ് പ്രതിക അർധസെഞ്ചറി നേടിയതെങ്കിൽ, വെറും 29 പന്തിലാണ് ഷെഫാലിയുടെ ഫിഫ്റ്റി. 96 പന്തിൽ 15 ഫോറുകൾ സഹിതമാണ് പ്രതിക സെഞ്ചറി നേടിയത്. ഏകദിന കരിയറിൽ പ്രതികയുടെ മൂന്നാം സെഞ്ചറിയാണിത്. പിന്നാലെ ബൗണ്ടറി തികച്ച് ഷെഫാലിക്ക് ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയും ചെയ്തു.

 

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീചരണി, മൂന്നു വിക്കറ്റെടുത്ത ക്രാന്തി ഗൗഡ്, രണ്ടു വിക്കറ്റെടുത്ത ദീപ്തി ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ ഷെഫാലി വർമ എന്നിവരാണ് സിംബാബ്‌വെയ നിരയെ വരിഞ്ഞുമുറുക്കിയത്. എങ്കിലും അവസാന ഓവർ വരെ പിടിച്ചുനിൽക്കാൻ അവർക്കു സാധിച്ചു. അർധസെഞ്ചറി നേടിയ ബിലവഡ് ബിസയാണ് (92 പന്തിൽ 62) ആണ് അവരുടെ ടോപ് സ്കോറർ.

ENGLISH SUMMARY:

India women cricket match highlights show Pratika Rawal scoring a brilliant century and Shafali Verma hitting a fast half-century to secure a nine-wicket win against Zimbabwe. The dominant performance in the opening ODI gives India a 1-0 lead in the series.