സെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവൂമ (Image Credit:AFP)
ക്യാപ്റ്റന്‍ ടെംബ ബവൂമയുടെ ഉജ്വലസെഞ്ചറിയുടെ മികവില്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. മഴ വില്ലനായ ഗെബര്‍ഹ (പോര്‍ട്ട് എലിസബത്ത്) ടെസ്റ്റിന്‍റെ മൂന്നാംദിനം ആതിഥേയര്‍ ഒന്നാമിന്നിങ്സ് 429 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണര്‍ നിക് മാഡിൻസൺ കഗീസോ റബാദയുടെ നാലാം പന്ത് എഡ്ജ് ചെയ്ത് മൂന്നാം സ്‍ലിപ്പില്‍ നിന്ന ഹാര്‍മറുടെ കൈകളില്‍ എത്തിച്ചു. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഒരുവിക്കറ്റിന് 3 റണ്‍സ് എന്ന നിലയിലാണ്. ട്രാവിസ് ഹെഡും സ്കോട്ട് ബോളണ്ടുമാണ് ക്രീസില്‍.
മഴ മുടക്കിയ ആദ്യദിനം 12 ഓവറും രണ്ടാംദിനം 31 ഓവറും മാത്രമേ എറിയാന്‍ കഴിഞ്ഞിരുന്നുള്ളു. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റിന് 97 റണ്‍സ് എന്ന പരിതാപകരമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അവിടെ നിന്നാണ് ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ക്യാപ്റ്റന്‍ ടെംബ ബവൂമ ടീമിനെ കരകയറ്റിയത്. മാര്‍ക്കോ ജാന്‍സണും സൈമണ്‍ ഹാര്‍മറും അവിശ്വസനീയമാംവിധം ബാറ്റുവീശിയപ്പോള്‍ ദക്ഷിണാഫ്രിക്ക ആഗ്രഹിച്ചതിലും മികച്ച ഉയരത്തിലെത്തി. ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ മൂന്നുപേര്‍ രണ്ടക്കം കടക്കാതെ പുറത്തായ ഇടത്തുനിന്നാണ് 429 എന്ന മികച്ച സ്കോറിലേക്ക് ആതിഥേയര്‍ എത്തിയത്.
334 പന്ത് നേരിട്ട ബാവുമ 18 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 179 റണ്‍സ് എടുത്തു. ക്ലാസിക് ടെസ്റ്റ് ഇന്നിങ്സ്! ബാവുമയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 552 മിനിറ്റ് ക്രീസില്‍ നിന്ന താരം മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ കീപ്പര്‍ അലക്സ് കാരിയ്ക്ക് ക്യാച്ച് നല്‍കിയിതോടെ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് അവസാനിപ്പിച്ചു. ബാവുമയുടെ ബാറ്റിങ്ങിനൊപ്പം മികച്ച പ്രകടനമാണ് ‘വാലറ്റക്കാരാ’യ മാര്‍ക്കോ ജാന്‍സനും സൈമണ്‍ ഹാര്‍മറും പുറത്തെടുത്തത്. ഏകദിനശൈലിയില്‍ കളിച്ച യാന്‍സണ്‍ 100 പന്തില്‍ 85 റണ്‍സും ഹാര്‍മര്‍ 157 പന്തില്‍ 82 റണ്‍സുമെടുത്തു. 31 റണ്‍സെടുത്ത റയാന്‍ റിക്കള്‍ട്ടണ്‍ മാത്രമാണ് ഇവര്‍ക്കുപുറമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്തത്.
മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും സ്കോട്ട് ബോളണ്ടും ഉള്‍പ്പെട്ട വിഖ്യാത പേസ് പടയുമായാണ് ഓസ്ട്രേലിയ ഗെബര്‍ഹയില്‍ ഇറങ്ങിയതെങ്കിലും പേരിനൊത്ത പ്രകടനമല്ല മൂന്നാംദിവസം കണ്ടത്. അഞ്ചുവിക്കറ്റെടുത്ത ബോളണ്ട് മികച്ചുനിന്നു. സ്റ്റാര്‍ക്ക് മൂന്നും മാര്‍നസ് ലബുഷെയ്ന്‍ ഒന്നും വിക്കറ്റെടുത്തു. നാലാംദിനം ഉച്ചയ്ക്കുമുന്‍പ് ഓസ്ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ വയ്ക്കാം. ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ ബവൂമയുടെ മാതൃക പിന്തുടര്‍ന്നാല്‍ മല്‍സരം സമനിലയിലേക്ക് നീങ്ങിയേക്കും.