Image credit: X(screengrab)

Image credit: X(screengrab)

  • ട്വന്‍റി 20യില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറിലിറങ്ങി നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറും ഹര്‍മന്‍റെ പേരിലായി. 2018 ന്യൂസീലന്‍ഡിനെതിരെ ഹര്‍മന്‍ തന്നെ നേടിയ 103 റണ്‍സാണ് റെക്കോര്‍ഡ്

സിംബാബ്​വെയ്ക്കെതിരായ ട്വന്‍റി 20 മല്‍സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചറി നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. 41 പന്തില്‍ നിന്ന് പുറത്താവാതെ 91 റണ്‍സെടുത്ത ഹര്‍മന്‍ പ്ലെയര്‍ ഓഫ് ദ് മാച്ചും നേടിയിരുന്നു. പോസ്റ്റ് മാച്ച് ഇന്‍റര്‍വ്യൂവിലാണ് താരം വിതുമ്പിക്കരഞ്ഞത്. Also Read: ഹര്‍മന്‍ന് 41 പന്തില്‍ 91; സിംബാബ്​വെയ്ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

'നന്നായി കളിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്നു. ഞാനിത് ആസ്വദിക്കുന്നു. പറ്റുന്നിടത്തോളം ബാറ്റ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതിന് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതിന്‍റെ ക്രെഡിറ്റ് നിങ്ങള്‍ക്കും കൂടിയുള്ളതാണ്'- മുന്‍ ഇന്ത്യന്‍ കോച്ചായിരുന്ന ഡബ്ല്യു.വി.രാമനോട് ഹര്‍മന്‍ പറഞ്ഞു. 'ഞങ്ങളിവിടെ വന്നപ്പോള്‍ താങ്കള്‍ വന്ന്, ഇനി നിനക്കിഷ്ടമുള്ളതെല്ലാം ചെയ്യൂ എന്ന് പറഞ്ഞല്ലോ, അത് ഞാന്‍ ചെയ്തു. ആ നല്ല വാക്കുകള്‍ക്ക് നന്ദി. രണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് കുറച്ച് സമയം നെറ്റ്സില്‍ കിട്ടി. ഹിമാന്‍ഷുവിനോട് നന്ദി പറയുന്നു. ഇന്നത്തെ ബാറ്റിങിന്‍റെ എല്ലാ ക്രെഡിറ്റും ഹിമാന്‍ഷുവിനുള്ളതാണ്.'- പൊട്ടിക്കരഞ്ഞ ഹര്‍മന്‍ മൈക്ക് വലിച്ചെറിഞ്ഞ് മടങ്ങി. Read More: 'എന്റെ രക്തവും വിയര്‍പ്പും നല്‍കി'; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

കഴിഞ്ഞ പത്ത് മല്‍സരങ്ങളിലൊന്നില്‍ പോലും അര്‍ധ സെഞ്ചറി നേടാന്‍ ഹര്‍മന് കഴിഞ്ഞിരുന്നില്ല. വനിതകളുടെ ഏഷ്യാക്കപ്പിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഹര്‍മന് ഫോമിലേക്ക് ഉയരാനായിരുന്നില്ല. 

സിംബാബ്​വെയ്ക്കെതിരെ ഇന്ത്യ 68 റണ്‍സിന് രണ്ട് വിക്കറ്റെന്ന പരിതാപകരമായ നിലയില്‍ നില്‍ക്കുമ്പോഴാണ് ഹര്‍മന്‍ ബാറ്റ് ചെയ്യാനെത്തിയത്. 10 ഫോറും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. ട്വന്‍റി 20യില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറിലിറങ്ങി നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറും ഹര്‍മന്‍റെ പേരിലായി. 2018 ന്യൂസീലന്‍ഡിനെതിരെ ഹര്‍മന്‍ തന്നെ നേടിയ 103 റണ്‍സാണ് റെക്കോര്‍ഡ്. ഇന്ത്യന്‍ മണ്ണില്‍ ട്വന്‍റി20യില്‍  വനിതാ താരത്തിന്‍റെ ഏറ്റവും മികച്ച സ്കോര്‍ എന്ന റെക്കോര്‍ഡും ഹര്‍മന്‍ സ്വന്തം പേരിലാക്കി. സ്മൃതി മന്ഥന 2025 ല്‍ നേടിയ 80 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡ്. 48 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്സുമടക്കം ലങ്കയ്ക്കെതിരെയായിരുന്നു അന്ന് മന്ഥനയുടെ നേട്ടം. 

ഈമാസം ആദ്യം വനിതാ ക്രിക്കറ്റ് ടീമിന്‍റെ എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് ഹര്‍മന്‍ ഒഴിഞ്ഞിരുന്നു. വ്യക്തിഗത പ്രകടനത്തില്‍ ശ്രദ്ധിക്കേണ്ട സമയത്ത് പോലും അത് മാറ്റിവച്ച് താന്‍ ടീമിനായി നിന്നുവെന്നും അത്തരം തീരുമാനങ്ങളില്‍ പഴിയേറെ കേട്ടുവെന്നും പക്ഷേ ടീം കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുള്ളുവെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ താന്‍ തയാറായില്ലെന്നും അങ്ങേയറ്റം വൈകാരികമായി എഴുതിയ കുറിപ്പില്‍ ഹര്‍മന്‍ വിവരിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കഠിനമായ പല തീരുമാനങ്ങളും തനിക്ക് കൈക്കൊള്ളേണ്ടി വന്നിട്ടുണ്ടെന്നും അതൊന്നും എല്ലായ്പ്പോഴും എല്ലാവരും മനസിലാക്കിയില്ലെന്നും ക്യാപ്റ്റനെന്ന സ്ഥാനത്തിരുന്ന് ടീമിന്‍റെ താഴ്ചയും ഉയര്‍ച്ചയും കിരീട നേട്ടങ്ങളും കണ്ടുവെന്നും ക്രിക്കറ്ററായുള്ള യാത്ര തുടരുമെന്നും അവര്‍ കുറിച്ചിരുന്നു. സ്മൃതി മന്ഥനയാണ് ഹര്‍മന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തത്. 

ENGLISH SUMMARY:

Former India women’s cricket captain Harmanpreet Kaur broke down in tears during a post-match interview after scoring an unbeaten 91 off 41 balls against Zimbabwe in a T20 match. Named Player of the Match, she credited former India coach WV Raman for his encouraging words and thanked Himanshu for helping her prepare in the nets. The innings marked a significant return to form after she had failed to score a half-century in her previous 10 matches, setting records for a women’s T20 innings on Indian soil and the second-highest score by an Indian batter at No. 4 in T20 internationals.