വിന്‍ഡീസിനെതിരായ മൂന്നാം ട്വന്‍റി20യില്‍ ഓപ്പണിങില്‍ സഞ്ജു നിറം മങ്ങിയപ്പോള്‍ ഇത്തവണ തിളങ്ങിയത് അഭിഷേക് ശര്‍മയാണ്. 30 പന്തില്‍ 69 റണ്‍സ് നേടിയ അഭിഷേക് ആറു ഫോറും അഞ്ചു സിക്സറും അടിച്ചെടുത്തു. ഈ പ്രകടനത്തോടെ വേഗത്തില്‍ 2000 ട്വന്‍റി 20 റണ്‍സ് നേടുന്ന താരമായി അഭിഷേക് മാറി. 1024 പന്തില്‍ നിന്നാണ് അഭിഷേകിന്‍റെ നേട്ടം. 

ഇന്നത്തെ മത്സരത്തില്‍ 33 റണ്‍സ് നേടിയതോടെയാണ് അഭിഷേക് 2000 റണ്‍സ് തികച്ചത്. ഇതോടെ പിന്നിലാക്കിയത് മുന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ. 1164 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ 2000 റണ്‍സ് തികച്ചത്. 

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കിടെ 30 പന്തിൽ സെ‍ഞ്ചറി നേടി അഭിഷേക് ഇന്ത്യക്കാരന്റെ ഏറ്റവും വേ​ഗതയേറിയ ട്വന്റി 20 സെ‍ഞ്ചറി സ്വന്തം പേരിലാക്കിയിരുന്നു. 2017 ൽ ശ്രീലങ്കയ്‌ക്കെതിരെ ഇൻഡോറിൽ  35 പന്തിൽ സെഞ്ചറി നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡാണ് അന്ന് അഭിഷേക് തകർത്തത്. ട്വന്റി 20യിൽ ഏറ്റവും വേ​ഗത്തിൽ 100 സിക്സർ തികയ്ക്കുന്ന താരമെന്ന റെക്കോർഡ‍ും അഭിഷേകിന്റെ പേരിലാണ്. 

അതേസമയം, ഇന്ത്യയുടെ ഇന്നിങ്സ് 223 റണ്‍സിന് എല്ലാവരും പുറത്തായി. സഞ്ജു പെട്ടെന്ന് തന്നെ പുറത്തായെങ്കിലും ഇഷാൻ കിഷനും അഭിഷേക് ശർമ്മയുമാണ് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്. ഇരുവരുടെയും പ്രകടനത്തിൽ പവർപ്ലേയിൽ ഇന്ത്യ 87 റൺസ് നേടി. ഇന്ത്യ 250 റൺസിന് മുകളിൽ നേടുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടെയും വിക്കറ്റുകൾ ഒരേ ഓവറിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇഷാൻ 37 റൺസെടുത്തു. ശ്രേയസ് ഒരു റൺസ് മാത്രമാണ് എടുത്തത്.  അഭിഷേകിന്റെ വിക്കറ്റും തൊട്ടടുനെ നഷ്ടമായതും മറ്റു താരങ്ങൾ ചെറിയ റൺസിന് പുറത്തായതും ഇന്ത്യൻ സ്കോറിങ് വേ​ഗം കുറച്ചു. തിലക് വർമ (28), നമൻ ധീർ (10), നിതീഷ് കുമാർ റെഡ്ഡി  (21), അക്സർ പട്ടേൽ (20) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സ്കോർ.

ENGLISH SUMMARY:

Abhishek Sharma shattered a major world record by becoming the fastest player to reach 2,000 T20 runs in terms of balls faced during the third T20I against the West Indies. He surpassed former Indian captain Suryakumar Yadav's milestone by achieving the feat in just 1,024 balls. Abhishek played a blistering knock of 69 runs from 30 deliveries, featuring six fours and five sixes. Despite his explosive performance and a strong start, India's innings eventually slowed down to finish at 223 runs.