• 100 തികച്ചതിന് പിന്നാലെ ഹൈ നീസില്‍ ഓടിയ രോഹിത് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഇടിച്ചാണ് നേട്ടം ആഘോഷിച്ചത്. 10 ഫോറും ആറ് സിക്സുകളുമടങ്ങുന്നതായിരുന്നു സെഞ്ചറി

വെസ്റ്റിന്‍ഡീസിനെതിരെ ഗുവാഹത്തിയില്‍ തകര്‍പ്പന്‍ സെഞ്ചറി നേടിയതിന് പിന്നാലെ രോഹിത് ശര്‍മ നടത്തിയ 'ഹൈ നീസ്' ആഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. 72 പന്തുകളില്‍ നിന്നാണ് ഹിറ്റ്മാന്‍റെ സെഞ്ചറി പിറന്നത്. 100 തികച്ചതിന് പിന്നാലെ ഹൈ നീസില്‍ ഓടിയ രോഹിത് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഇടിച്ചാണ് നേട്ടം ആഘോഷിച്ചത്. 10 ഫോറും ആറ് സിക്സുകളുമടങ്ങുന്നതായിരുന്നു സെഞ്ചറി. മല്‍സരം പൂര്‍ത്തിയായതിന് പിന്നാലെയാണ് രോഹിതിനോട് ആഘോഷത്തെ കുറിച്ച് ചോദ്യമുയര്‍ന്നത്. 'ജഡേജ എന്തോ പറഞ്ഞല്ലോ, ആ ആഘോഷത്തിന്‍റെ രഹസ്യം പറയൂ' എന്നായിരുന്നു ചോദ്യം. Also Read: അമ്പമ്പോ! ചരിത്രം കുറിച്ച് ഇന്ത്യ; ഗുവാഹത്തിയില്‍ റെക്കോര്‍ഡ് പെരുമഴ

 'ആ ആഘോഷം എനിക്ക് വേണ്ടിയായിരുന്നു. ചിലതൊക്കെ നമ്മള്‍ നമുക്ക് വേണ്ടി ചെയ്യും. അത് പങ്കുവയ്ക്കാനുള്ളതല്ല'- രോഹിത് ചിരിച്ചു കൊണ്ട് പറഞ്ഞു. രഹസ്യം പരസ്യമാക്കാന്‍ നിര്‍ബന്ധമുണ്ടായെങ്കിലും രോഹിത് വഴങ്ങിയില്ല. 'വിക്കറ്റ് നല്ലതായിരുന്നു. സ്കോര്‍ ബോര്‍ഡ് നോക്കി ആകുലപ്പെടാതെ ബാറ്റിങ് തുടരാനായിരുന്നു തീരുമാനം. കിട്ടുന്ന പന്തിനെ അത് അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാനും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനുമാണ് ശ്രമിച്ചത്. അപ്പുറത്ത് ഗില്ലും തകര്‍പ്പന്‍ ഫോമിലായിരുന്നു. ബാറ്റിങില്‍ പൂര്‍ണ നിയന്ത്രണവും ഗില്ലിനുണ്ടായിരുന്നു. ഉറച്ച് നിന്ന് ഗില്‍ കളിക്കുന്നത് കാണാന്‍ തന്നെ ഭംഗിയാണ്. ഏകാഗ്രതയോടെ ബാറ്റ് വീശാനാണ് ഞങ്ങള്‍ ശ്രമിച്ചത്. വിക്കറ്റ് വെറുതേ കളഞ്ഞുകുളിക്കില്ലെന്ന് സ്വയം ഓര്‍മിപ്പിച്ചു.

എന്‍റെ ഇത്ര കാലത്തെ പരിചയ സമ്പത്ത് പുറത്തെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പിച്ച് നല്ലതാണെന്നും ജയിക്കണമെങ്കില്‍ ടോപ് ഓര്‍ഡറില്‍ നിന്ന് കൂറ്റന്‍ സ്കോര്‍ വരണമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. അതാണ് സംഭവിച്ചതും. മികച്ച കൂട്ടുകെട്ട് ഒന്നാം വിക്കറ്റിലുണ്ടാക്കാന്‍ പറ്റി. കളിയും ഞങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ പറ്റി. ഇഴുകി വന്ന് ചാടി ആഘോഷിക്കാന്‍ ജഡേജ എന്നോട് പറഞ്ഞു.  പക്ഷേ 50 ഓവര്‍ ഫീല്‍ഡ് ചെയ്ത ശേഷം പിന്നീട് ബാറ്റ് ചെയ്യുന്ന എനിക്ക് അങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ല' രോഹിത് വിശദീകരിച്ചു. 

255 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഗില്ലും രോഹിതും ചേര്‍ന്ന് കെട്ടിപ്പടുത്തത്. ഏകദിനത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. സച്ചിന്‍റെയും ഗാംഗുലിയുടെയും 258 റണ്‍സ് കൂട്ടുകെട്ടാണ് ഒന്നാമതുള്ളത്. 2001 ല്‍ കെനിയയ്ക്കെതിരെയായിരുന്നു ഈ റെക്കോര്‍ഡ് പാര്‍ട്നര്‍ഷിപ്.

രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 406 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസ് ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ഗില്ലും രോഹിതും കൂടി തുടക്കത്തിലേ അടിച്ച് കളിച്ചതോടെ കളി മാറി. മൂന്ന് സെഞ്ചറി വിന്‍ഡീസ് താരങ്ങള്‍ നേടിയപ്പോള്‍ ഇരട്ട സെഞ്ചറിയുമായി ഇന്ത്യന്‍ ക്യാപ്റ്റനും സെഞ്ചറിയുമായി രോഹിതും തിളങ്ങി. വിജയലക്ഷ്യം 43.3 ഓവറില്‍ ഇന്ത്യ മറികടന്നു. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ ചേസായിരുന്നു ഇത്. ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഏകദിനത്തില്‍ 400 റണ്‍സിലേറെ പിന്തുടര്‍ന്ന് ജയിക്കുന്ന ആദ്യ ടീമും ഇന്ത്യയായി.

ENGLISH SUMMARY:

Rohit Sharma’s unusual high-knee celebration after scoring a century against West Indies in Guwahati has gone viral, but the Indian batter has chosen not to reveal its personal meaning. Rohit said the celebration was “for me” and that some things are meant to be kept private, while also explaining that Ravindra Jadeja had encouraged him to celebrate with a jump. Rohit scored 101 off 75 balls, reaching his century in 72 deliveries, and shared a 255-run opening stand with Shubman Gill as India chased down 406 in 43.3 overs. Gill remained unbeaten on 223 as India won by eight wickets and secured the ODI series 2-0