ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ ചേസ്! ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ ചേസ്! ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി! ഇരട്ടസെഞ്ചറി നേടുന്ന ആദ്യ ക്യാപ്റ്റന്‍! സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരം! ഏകദിനത്തില്‍ 200 സിക്സര്‍ തികച്ച ആദ്യ താരം! 5 ബാറ്റര്‍മാര്‍ സെഞ്ചറി നേടുന്ന ആദ്യ മല്‍സരം! റെക്കോര്‍ഡുകളുടെ കുത്തൊഴുക്കിന്‍റെ നടുവിലാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം രണ്ടുവിക്കറ്റിന് വിജയിച്ച് പരമ്പര സ്വന്തമാക്കിയത്.
തിരുവനന്തപുരത്ത് കോലിയായിരുന്നെങ്കില്‍ ഗുവാഹത്തിയില്‍ എല്ലാവരുടെയും ശ്രദ്ധ രോഹിത് ശര്‍മയിലായിരുന്നു. അത് പാഴായില്ല. തുടക്കം മുതല്‍ തകര്‍ത്തടിച്ച രോഹിത്ത് ഏകദിനത്തിലെ മുപ്പത്തഞ്ചാം സെഞ്ചറി തികച്ചു. അതിന്‍റെ സന്തോഷം പ്രകടിപ്പിച്ചത് ഇന്നോളമില്ലാത്ത രീതിയില്‍ തുള്ളിച്ചാടിക്കൊണ്ടായിരുന്നു. പിന്നീട് അതേപ്പറ്റി ചോദിച്ചപ്പോള്‍ ‘ചില കാര്യങ്ങള്‍ പങ്കുവയ്ക്കേണ്ടതില്ല’ എന്നും ‘അത് എനിക്കുവേണ്ടിയുള്ളതായിരുന്നു’ എന്നും മാത്രമാണ് രോഹിത് പ്രതികരിച്ചത്. ഏകദിന ലോകകപ്പിനുള്ള ടീമില്‍ എന്‍റെ ഇടം ഉറപ്പിച്ചോളൂ എന്ന് പറയാതെ പറയുകയായിരുന്നു ഹിറ്റ്മാന്‍!
ഇന്ത്യന്‍ ഇന്നിങ്സിന്‍റെ തുടക്കത്തില്‍ രോഹിത്താണ് തകര്‍ത്തടിച്ചതെങ്കില്‍ ഒട്ടും വൈകാതെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഗിയര്‍ മാറ്റി. ആദ്യം സെഞ്ചറി തികച്ചതും ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ പായിച്ചതും ഏറ്റവും വേഗത്തില്‍ സ്കോര്‍ ചെയ്തതും ശുഭ്മന്‍ ആയിരുന്നു. രോഹിത്ത് വീണശേഷം കോലിക്കും റുതുരാജിനുമൊപ്പം ഒരു ആശങ്കയുമില്ലാതെ ഗില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വെറും 117 പന്തില്‍ ഇരട്ടസെഞ്ചറി തികച്ച ഗില്‍ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ചറി തന്‍റെ പേരിലാക്കി. രണ്ട് ഇരട്ടസെഞ്ചറി നേടിയ രണ്ടാമത്തെ താരമായ ഗില്‍ ഡബിള്‍ സെഞ്ചറി നേടുന്ന ആദ്യ ക്യാപ്റ്റനുമാണ്. 133 പന്തില്‍ 223 റണ്‍സോടെ പുറത്താാതെ നിന്ന ഗില്‍ 26 ബൗണ്ടറികളും 8 സിക്റും പറത്തി! ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന വേഗമേറിയ ഏകദിനസെഞ്ചറിയും ഗില്ലിന്‍റെ പേരിലായി (62 പന്തില്‍).
ഏകദിനത്തില്‍ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കൂടി താരം എന്ന റെക്കോര്‍ഡ് ഇനി രോഹിത് ശര്‍മയ്ക്ക്! ഗുവാഹതിയില്‍ ശതകം തികച്ചപ്പോള്‍ 39 വയസും 153 ദിവസവുമാണ് രോഹിത്തിന്‍റെ പ്രായം. ഏകദിനത്തില്‍ 200 സിക്സര്‍ നേടുന്ന ആദ്യ താരം എന്ന ബഹുമതിയും ഈ മല്‍സരത്തില്‍ രോഹിത് സ്വന്തമാക്കി. ഒപ്പം ഏകദിനത്തില്‍ 12000 റണ്‍സ് എന്ന അപൂര്‍വനേട്ടവും. ഏറ്റവും വേഗത്തില്‍ 12000 റണ്‍സെടുക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്. കോലിയാണ് ഒന്നാമന്‍. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മൂന്നാമത്. കോലി 242 ഇന്നിങ്സുകളില്‍ നിന്നും രോഹിത് 282 ഇന്നിങ്സുകളില്‍ നിന്നും സച്ചിന്‍ 300 ഇന്നിങ്സുകളില്‍ നിന്നുമാണ് 12000 റണ്‍സ് പൂര്‍ത്തിയാക്കിയത്. കരിയറില്‍ ആകെ 290 ഏകദിനങ്ങള്‍ കളിച്ച രോഹിത് ഇതുവരെ 12028 റണ്‍സ് നേടി. 62 അര്‍ധസെഞ്ചറികളും 35 സെഞ്ചറികളും ഇതില്‍ ഉള്‍പ്പെടും. 264 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. അതും ലോകറെക്കോര്‍ഡാണ്.
ഇന്ത്യ ചേസ് ചെയ്ത് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഗുവാഹതിയിലെ 406 റണ്‍സ്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ടീം 400 റണ്‍സിനുമേല്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. 400 റണ്‍സിനുമേല്‍ പിന്തുടര്‍ന്ന് ജയിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയാണ് ആദ്യമായി 400 റണ്‍സിന് മേല്‍ ചേസ് ചെയ്ത് ജയിച്ചത്. 2006ല്‍ ഓസ്ട്രേലിയക്കെതിരെ 435 റണ്‍സെടുത്തായിരുന്നു ദക്ഷിണാഫ്രിക്കയുടെ ചരിത്രവിജയം.
അഞ്ച് ബാറ്റര്‍മാര്‍ ഒരു മല്‍സരത്തില്‍ സെഞ്ചറി നേടുന്ന ആദ്യ കാഴ്ചയ്ക്കും ഗുവാഹതി സാക്ഷ്യം വഹിച്ചു. വെസ്റ്റിന്‍ഡീസിനുവേണ്ടി ഓപ്പണര്‍ ജോണ്‍ കാംപ്ബെല്‍ (101), ക്യാപ്റ്റന്‍ ഷായ് ഹോപ് (104), ആമിര്‍ ജാംഗൂ (114) എന്നിവരാണ് സെഞ്ചറിയടിച്ചത്. രോഹിത്തും ഗില്ലും പട്ടിക പൂര്‍ത്തിയാക്കി. രോഹിത് ഗില്‍ സഖ്യം ഓപ്പണിങ് വിക്കറ്റില്‍ എടുത്ത 255 റണ്‍സ് ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടാണ്. ജാംഗൂവും ഹോപ്പും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 182 റണ്‍സ് വിന്‍ഡീസിന്‍റെ ഏറ്റവും ഉയര്‍ന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ടാണ്. ഇതിനെല്ലാം പുറമേ കുല്‍ദീപ് യാദവ് ഏകദിന കരിയറില്‍ 200 വിക്കറ്റ് തികച്ചതും ഗുവാഹതിയിലാണ്. ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കുല്‍ദീപ്.