Image Credit: PTI
ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ 124 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് കാലിടറി. 9.5 ഓവറില്‍ 45 റണ്‍സിന് എല്ലാവരും പുറത്ത്. നുവാനിദു ഫെര്‍ണാണ്ടോ മാത്രമാണ് ലങ്കന്‍ ബാറ്റര്‍മാരില്‍ രണ്ടക്കം കടന്നത്. ടേണും ബൗണ്‍സും കിട്ടാതെ എല്ലാവരും വന്നത് പോലെ മടങ്ങി.
അഭിഷേക് ശര്‍മ, ബുമ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സഞ്ജുവും അഭിഷേകും നിരാശപ്പെടുത്തിയപ്പോള്‍ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ഇന്നിങ്സിന്‍റെ നെടുന്തൂണായത്. 46 പന്തില്‍ നിന്ന് 80 റണ്‍സെടുത്ത് ഇഷാന്‍ തിളങ്ങിയപ്പോള്‍ രണ്ട് മാസത്തിന് ശേഷം പ്ലേയിങ് ഇലവനില്‍ മടങ്ങിയെത്തിയ വൈഭവ് സൂര്യവംശി 38 (21 പന്തില്‍) റണ്‍സും ശ്രേയസ് അയ്യര്‍ 13 പന്തില്‍ നിന്ന് 13 റണ്‍സുമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചിരുന്നു. അഭിഷേക് ശര്‍മയും പിന്നാലെ എത്തിയ സഞ്ജുവും ഏഴ് റണ്‍സ് മാത്രമെടുത്ത് മടങ്ങി. 24 ന് രണ്ടെന്ന നിലയിലേക്ക് പോയ ടീമിന് വൈഭവ് സൂര്യവംശിയാണ് അടിച്ചു കളിക്കാന്‍ ആത്മവിശ്വാസം നല്‍കിയത്. ശ്രീലങ്കയ്ക്കായി തരിന്തു രത്നനായകെയും സഹൻ അരച്ചികെയും രണ്ടു വിക്കറ്റുകൾ വീതവും വനുജ സഹൻ, ലസിത് ക്രൂസ്‍പുലെ, നുവാനിദു ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.
ഫൈനലില്‍ ഇനി ഇന്ത്യ–പാക് പോരാട്ടം. ജയിച്ചാല്‍ സ്വര്‍ണമെഡല്‍ ശ്രേയസ് അയ്യരെയും സംഘത്തെയും കാത്തിരിക്കുന്നു. ആദ്യ സെമിയില്‍ ബംഗ്ലദേശിനെ തകര്‍ത്താണ് പാക്കിസ്ഥാന്‍ ഫൈനലില്‍ കടന്നത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് നിഷിനില്‍ മാനം തെളിഞ്ഞത്. മഴയെ തുടര്‍ന്ന് കഴിഞ്ഞ ആറ് മല്‍സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ശനിയാഴ്ചയാണ് ഫൈനല്‍.