neeru-dhanda-asian-games-gold

ടിവിയോ സ്മാർട്ട്ഫോണോ പോലുമില്ലാത്ത ഒരു സാധാരണ വീട്ടിലേക്ക് ഏഷ്യൻ ഗെയിംസിലെ ചരിത്രപരമായ സ്വർണ്ണനേട്ടത്തിന്റെ വാർത്ത എത്തുന്നത് ഒരു ഫോൺ കോളിലൂടെയാണ്. ഷൂട്ടിങ് ട്രാപ്പിൽ ഇന്ത്യക്കായി ചരിത്രമെഴുതിയ നീരു ധന്ദയുടെ സ്വർണ്ണനേട്ടം മാതാവ് സുദേശ് ദേവി അറിഞ്ഞത് അങ്ങിനെയാണ്. ആ ഹൃദയസ്പർശിയായ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്.

ഹരിയാനയിലെ സംഗത്പുര ഗ്രാമത്തിലെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന സുദേശ് ദേവി, ചൊവ്വാഴ്ച രാവിലെ റേഷൻ വാങ്ങാന്‍ പോവുകയായിരുന്നു. ആ സമയത്താണ് അവരുടെ കൈയിലുണ്ടായിരുന്ന പഴയ കീപാഡ് ഫോണിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വരുന്നത്. ‘നീരു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരിക്കുന്നു’ ഫോണിന്‍റെ അങ്ങേ തലക്കല്‍ നിന്നും പറയുന്നു. പെട്ടെന്ന് എന്താണ് കേട്ടതെന്ന് വിശ്വസിക്കാൻ കഴിയാതെ അവർ വഴിയിൽ നിന്നുപോയി. കേട്ടത് സത്യമാണോ എന്നു പോലും ചോദിച്ച് ഉറപ്പുവരുത്താന്‍ അവരുടെയൊപ്പം ആരുമില്ലായിരുന്നു.

‘ഞങ്ങളുടെ വീട്ടിൽ ടിവിയോ സ്മാർട്ട്ഫോണോ ഇല്ല. വാർത്തകൾ കാണാന്‍ കഴിഞ്ഞിരുന്നില്ല, എങ്കിലും നീരുവിന്റെ മത്സരം ഇന്നലെ രാത്രിയുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവൾ സ്വർണം നേടിയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിരുന്നില്ല’– സുദേശ് ദേവി പിന്നീട് പറഞ്ഞു. റേഷൻ വാങ്ങി അമ്പരപ്പോടെയാണ് അവർ വീട്ടിലേക്ക് തിരികെ ഓടിയെത്തിയത്. ‘ദൈവം എനിക്ക് മറ്റൊരു മകളെക്കൂടി തന്നിരുന്നെങ്കിൽ ഞാൻ അവളെയും സന്തോഷത്തോടെ സ്വീകരിച്ചേനെ. ഇന്ന് പെൺകുട്ടികൾ എല്ലാ കാര്യത്തിലും മുന്നിലാണെന്ന് അവർ തെളിയിക്കുന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ പോലും നീരു എന്നോട് പറയുമായിരുന്നു, അമ്മേ എന്നെ വിശ്വസിക്കൂ, ഈ ലോകം പറയുന്നത് കേട്ട് വിഷമിക്കേണ്ട എന്ന്’– സുദേശ് ദേവി പറയുന്നു.

ജപ്പാനിലെ നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, മഴയും കനത്ത വെല്ലുവിളികളും നിറഞ്ഞ ഷൂട്ടിങ് റെയ്ഞ്ചിലാണ് നീരു ധന്ദയുടെ നേട്ടം. ഒപ്പം വ്യക്തിഗത ട്രാപ്പ് ഇനത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായും, 1978-ൽ അന്തരിച്ച രൺധീർ സിങ്ങിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായും നീരു ചരിത്രത്തിൽ ഇടംപിടിക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിന് ഏതാനും ആഴ്ചകൾക്ക് മുൻപ് എച്ച്1എൻ1 ബാധിച്ച് ഭോപ്പാലിലെ ആശുപത്രിയിൽ മൂന്ന് ദിവസത്തോളം നീരു ചികിത്സയിലായിരുന്നു. അഞ്ച് ദിവസത്തോളം ദ്രാവരൂപത്തിലുള്ള ആഹാരം മാത്രം കഴിച്ച് കൃത്യമായി പരിശീലനം നടത്താനാകാതെയാണ് നീരു നഗോയയിലേക്ക് പുറപ്പെട്ടത്. അപ്പോളും മനസ്സിലെ നിശ്ചയദാർഢ്യം കൈവിട്ടിരുന്നില്ല. ഫൈനൽ മത്സരത്തിനിടയിൽ കയ്യിൽ മഴ പെയ്തപ്പോളും ‘ഇന്ന് കൊടുങ്കാറ്റ് അടിച്ചാലും പതറില്ല’ എന്ന് സ്വയം പറഞ്ഞുറപ്പിച്ചാണ് നീരു മല്‍സരത്തിനിറങ്ങിയത്.

സാധാരണക്കാരില്‍ സാധാരണക്കാരായ കുടുംബത്തില്‍ നിന്നും കനല്‍വഴികള്‍ താണ്ടിയാണ് നീരു ധന്ദ ഏഷ്യന്‍ ഗെയിംസ് വരെയെത്തിയത്. കർഷക കുടുംബമാണ് നീരുവിന്‍റേത്. അമ്മ സുദേശ് ദേവി എരുമപ്പാൽ വിറ്റാണ് കുടുംബം നോക്കിയിരുന്നത്‌. കുടുംബത്തിന് വേണ്ടത്ര പണമോ സൗകര്യങ്ങളോ ഇല്ലായിരുന്നിട്ടും ബന്ധുവും 2018 ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവുമായ ലക്ഷ്യ ഷിയോറന്റെ സഹായത്തോടെയാണ് നീരു ഷൂട്ടിങ് രംഗത്തേക്ക് കടന്നുവരുന്നത്. പണത്തിന് ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നെങ്കിലും മകളുടെ കായിക സ്വപ്നങ്ങൾക്ക് മാതാപിതാക്കൾ പൂർണ്ണ പിന്തുണ നൽകി. കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനായി സ്വന്തം വിവാഹം പോലും നീട്ടിവെച്ചാണ് നീരു കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ അമ്മയുടെയും മകളുടെയും കഠിനാധ്വാനത്തിന് ആ സ്വര്‍ണമെഡലിനോളം തിളക്കമുണ്ട്.

എട്ട് ഷൂട്ടർമാർ മാറ്റുരച്ച ആവേശകരമായ ഫൈനലിൽ 28 പോയിന്റുകൾ നേടിയാണ് നീരു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നിലവിലുണ്ടായിരുന്ന 24 പോയിന്റ് എന്ന ഏഷ്യൻ റെക്കോർഡും നീരു തകര്‍ത്തു. ഈ ടൂർണമെന്റിൽ തന്നെ വനിതാ ട്രാപ്പ് ടീം ഇനത്തിലും നീരു വെള്ളി മെഡൽ നേടിയിരുന്നു. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ട്രാപ്പ് വിഭാഗങ്ങളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ് നീരു. ഇതിനുമുമ്പ് 1978ലെ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത ട്രാപ്പ് ഇനത്തിൽ രൺധീർ സിങ്ങും 2010 ൽ റോൺജൻ സോധി ഡബിൾ ട്രാപ്പ് വ്യക്തിഗത സ്വർണവും നേടിയിട്ടുണ്ട്.

ENGLISH SUMMARY:

Neeru Dhanda made history by winning the individual trap gold medal at the Asian Games in Nagoya, overcoming severe illness, financial hardships, and adverse weather conditions. Her mother, Sudesh Devi, learned of this monumental achievement through a simple phone call while walking to buy rations, as their modest one-room home lacks a television or smartphone. Despite battling H1N1 influenza just weeks prior and enduring immense personal sacrifices, Neeru broke the existing Asian record with 28 points. Her remarkable triumph establishes her as the first Indian woman to win an individual trap gold at the continental games.