cutout-of-rohit-sharma

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയുടെ ആദ്യ മത്സരം ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങും. രാവിലെ പതിനൊന്ന് മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. വിരാട് കോലിയും രോഹിത്ത് ശര്‍മയും മിന്നും പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. 

മൂന്നുവര്‍ഷത്തിന് ശേഷം കാര്യവട്ടത്തേക്ക് ഏകദിന മത്സരം വരുമ്പോള്‍ നിറഞ്ഞ ഗാലറികളാണ് കാത്തിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള സുപ്രധാന പരമ്പരയില്‍ വിരാട് കോലിയും രോഹിത് ശര്‍മയുമുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. കാര്യവട്ടത്തിന്റെ ചരിത്രത്തിലെ ആദ്യ ഏകദിനവും വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. അന്ന് 104 റണ്‍സില്‍ വീന്‍ഡീനെ തളച്ച ഇന്ത്യയുടെ വിജയം ഹിറ്റ്മാന്‍ രോഹിത്തിന്റെ അര്‍ദ്ധസെഞ്ചുറിയിലായിരുന്നു. 

മൂന്നുവര്‍ഷം മുന്‍പ് നടന്ന രണ്ടാം ഏകദിനത്തില്‍ വിരാട് കോലി അടിച്ചുക്കൂട്ടിയ 166 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യയുടെ സ്കോര്‍ 390 ആയിരുന്നു. റണ്‍ ഒഴുകും പിച്ച് ഒരുക്കിയിരിക്കെ, കാണികള്‍ ആഗ്രഹിക്കുന്നത് ടോസ് നേടി ഇന്ത്യയുടെ ആദ്യ ബാറ്റിങ്ങിനാണ്. ടോസ് നേടി ബാറ്റ് ചെയ്യാന്‍ വിന്‍ഡീസ് ഇറങ്ങി ചെറിയ സ്കോറില്‍ ഇന്ത്യ തളച്ചാല്‍ കോലിയുടെയും രോഹിത്തിന്റെയും മുന്‍പ് കാര്യവട്ടത്ത് സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയുമൊക്കെ വെടിക്കെട്ട് പ്രകടനം കാണാന്‍ കഴിഞ്ഞിലെങ്കിലോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്.

മഴ വില്ലനാകില്ലെന്ന കാലാവസ്ഥ പ്രവചനം കൂടി പുറത്തുവരുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണ്. രണ്ടു ദിവസം ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ ഇന്നലെ വിന്‍ഡീസ് ടീം നെറ്റ്സിലെത്തി.

കളി കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരത്തില്‍ സ്റ്റേഡിയത്തിനകത്തേയ്ക്ക്  പവര്‍ ബാങ്ക്, സിഗരറ്റ്, ലൈറ്റര്‍, സെല്‍ഫി സ്റ്റിക്, നാണയങ്ങള്‍ എന്നിവ അനുവദിക്കില്ല. വിസില്‍, ഗ്ലാസ് ബോട്ടിലുകള്‍, കുട, ഹെല്‍മറ്റ് എന്നിവയ്ക്കും വിലക്കുണ്ട്. പുറത്തുനിന്ന് ഭക്ഷണപദാര്‍ഥകങ്ങളും കൊണ്ടുവരാനാകില്ല. തിരുവനന്തപുരം നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.  കാണികള്‍ക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, കാര്യവട്ടം ഗവ.കോളജ്, LNCP, ബിഎഡ് കോളജ് അല്‍സാജ് കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവിടിങ്ങളിലാണ് പാര്‍ക്കിങ്ങ്