Image Credit:X/creimas
ഏഷ്യന്‍ ഗെയിംസില്‍ ജപ്പാനോട് വിറച്ച് ഇന്ത്യ നേടിയ രണ്ട് റണ്‍സിന്‍റെ ജയം ചതിയിലൂടെയെന്ന സമൂഹമാധ്യമങ്ങളിലെ വാദങ്ങളില്‍ പ്രതികരിച്ച് മുന്‍ സൂപ്പര്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ജപ്പാന്‍ ഇന്നിങ്സിനിടെ അംപയര്‍ നല്‍കിയ വൈഡ് ഇന്ത്യന്‍ അപ്പീലിനെ തുടര്‍ന്ന് പിന്‍വലിച്ചത് ശരിയായില്ലെന്നും അത് ചതിയെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ വാദം. എന്നാലിത് ശരിയല്ലെന്നും അംപയര്‍മാരുടെ തീരുമാനം കൃത്യമായിരുന്നുവെന്നും ആകാശ് ചോപ്ര പറയുന്നു. Also Read: ലിംഗസമത്വത്തിനായി 'ചേട്ടന്‍റെ' വാക്കുകള്‍; യുഎന്‍ ഏജന്‍സിയുമായി സഹകരിച്ച് സഞ്ജു സാംസണ്‍
ആദ്യം താനും അപയര്‍ക്ക് പിഴച്ചതാണെന്നും വൈഡ് തന്നെ ആയിരുന്നുവെന്നുമാണ് വിചാരിച്ചതെന്നും ചോപ്ര പറയുന്നു. 'ഇന്ത്യ ജപ്പാനെ ചതിയിലൂടെയാണ് തോല്‍പ്പിച്ചതെന്ന് ചിലരൊക്കെ പറയുന്നു. വൈഡ് റദ്ദാക്കിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ ശക്തമായ അപ്പീലിലാണ് വൈഡ് റദ്ദാക്കിയതെന്നും ആരോപണമുണ്ട്. ഞാനും കളി കണ്ടപ്പോള്‍ ആദ്യം അങ്ങനെ തന്നെയാണ് വിചാരിച്ചത്. സ്വിച്ച് ഹിറ്റ് കളിക്കുമ്പോള്‍ രണ്ട് സൈഡിലെയും വൈഡ് ലൈന്‍ ബോളര്‍ക്ക് അനുകൂലമാണ്. റിവേഴ്സ് സ്വീപ്പില്‍ അങ്ങനെയല്ല.
രണ്ടാമത്തെ കാര്യം, ബോളര്‍ പന്തെറിഞ്ഞതിന് പിന്നാലെ ബാറ്റര്‍ അദ്ദേഹത്തിന്‍റെ നില മാറ്റിയോ ഇല്ലയോ എന്നതാണ്. ബാറ്റര്‍ നിന്ന സ്ഥലത്ത് നിന്ന് മാറിയില്ലെന്നാണ് ഞാന്‍ ആദ്യം കരുതിയത്. അങ്ങനെയെങ്കില്‍ വൈഡാണ്. പക്ഷേ അത് തെറ്റായിരുന്നു. ഐസിസിയുടെ പുതിയ നിയമത്തില്‍ അങ്ങനെയല്ല. സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും തമ്മില്‍ ഇപ്പോള്‍ ആ വേര്‍തിരിവില്ല'. ഐസിസിയുടെ പുതിയ വൈഡ് നിയമം അനുസരിച്ച് സ്വിച്ച് ഹിറ്റായാലും റിവേഴ്സ് സ്വീപ്പായാലും ബാറ്റര്‍ തന്‍റെ ബാറ്റിങ് പൊസിഷനില്‍ നിന്ന് തിരിഞ്ഞ് കളിക്കാന്‍ ശ്രമിച്ചാല്‍ അംപയര്‍ക്ക് ബോളര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാം.
ജപ്പാന്‍റെ ബാറ്റിങിന്‍റെ അവസാന ഓവറിലാണ് വിവാദമുണ്ടായത്. ഇടങ്കയ്യന്‍ ബാറ്ററായ അലക്സാണ്ടര്‍ ഷിറായിക്ക് ലെഗ് സ്റ്റംപിലേക്ക് അക്സര്‍ പട്ടേല്‍ പന്തെറിഞ്ഞു. വൈഡ് ആദ്യം അനുവദിച്ചുവെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് പിന്‍വലിച്ചു. നിലവിലെ ഐസിസി ചട്ടമനുസരിച്ച് ഷിറായ് റിവേഴ്സ് സ്വീപ് കളിക്കാന്‍ ശ്രമിച്ചത് ഓഫ്സൈഡ് വൈഡ് ചട്ടത്തിലാണ് വരുന്നതെന്നും അതിനാല്‍ വൈഡ് നല്‍കാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് അംപയര്‍ എത്തിയത്. വൈഡ് നഷ്ടമായതോടെ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് മതിയെന്ന നിലയിലായിരുന്ന ജപ്പാന്‍ മൂന്ന് പന്തില്‍ നിന്ന് ആറ് റണ്‍സെന്ന നിലയിലേക്ക് മാറി. കളിയില്‍ രണ്ട് റണ്‍സിന് ഇന്ത്യ ജയിക്കുകയും ചെയ്തു.