Image Credit: facebook/cricketteam
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സൂപ്പര്‍താരം വിരാട് കോലിയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഉള്‍പ്പെട്ട വിഡിയോയെച്ചൊല്ലി അഭ്യൂഹങ്ങള്‍. പരിശീലനത്തിനിടെ ഗില്ലിന് നേരെ വിരല്‍ ചൂണ്ടി വേഗത്തില്‍ നടന്നടുക്കുന്ന കോലിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കോലി ഗില്ലിനോട് എന്തോ ഗൗരവമായി സംസാരിച്ച് അടുത്തേക്ക് ചെല്ലുന്നതാണ് വിഡിയോയിലുള്ളത്. ഇരുവരുടെയും ശരീരഭാഷ സൗഹൃദത്തിന്‍റേതല്ലെന്ന് ആരാധകരില്‍ ചിലരുടെ കണ്ടെത്തല്‍. വിഡിയോയുടെ കമന്‍റ് ബോക്സില്‍ ആരാധകര്‍ ചേരിതിരിഞ്ഞ് തര്‍ക്കമാണ്. എന്തിനെക്കുറിച്ചാണ് താരങ്ങള്‍ തമ്മില്‍ സംസാരിച്ചതെന്നോ വാക്കേറ്റമുണ്ടായോ എന്നൊന്നും സ്ഥരീകരിച്ചിട്ടില്ല.
കാര്യവട്ടത്ത് ഇന്നലെ നെറ്റ്സില്‍ പരിശീലനത്തിനിടെ ഗില്ലിന്റെ കൈയ്ക്ക് പരുക്കേറ്റിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ബൗണ്‍സര്‍ വലത്തേ കൈമുട്ടിന് മുകളില്‍ കൊള്ളുകയായിരുന്നു. ഇതോടെ പരിശീലനം മതിയാക്കി ഗില്‍ മടങ്ങി. പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.
നാളെ ഉച്ചയ്ക്ക് രണ്ടിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ – വിന്‍ഡീസ് പോരാട്ടം. ഈ മല്‍സരത്തിലും ശ്രദ്ധമുഴുവന്‍ കോലി–രോഹിത് ദ്വയത്തിന്‍റെ പ്രകടനത്തിലാകുമെന്നുറപ്പ്. ഇന്ന് ഉച്ച കഴിഞ്ഞും ഇന്ത്യന്‍ ടീം പരിശീലനം തുടരും. വിശ്രമത്തിലായിരുന്ന വെസ്റ്റിന്‍ഡീസ് താരങ്ങള്‍ വൈകിട്ട് പരിശീലനത്തിനിറങ്ങും. ഈ മാസം 30ന് ഗുവാഹത്തിയില്‍ വച്ചാണ് രണ്ടാം ഏകദിനം. മൂന്നാം ഏകദിനം ന്യൂ ചണ്ഡിഗഡിലും നടക്കും.