ഏഷ്യ സമഗ്രമായി കീഴടക്കി ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമിന്‍റെ അടുത്ത ലക്ഷ്യം ചാംപ്യന്‍സ് ട്രോഫിയാണ്. തുടര്‍ന്ന് ട്വന്‍റി20 ലോക കിരീടത്തിലേക്കുള്ള യാത്ര.
വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ 2026ലെ ഏഷ്യൻ അധ്യായം പൂർണമായത് രണ്ട് കിരീടങ്ങളോടെ. റെക്കോർഡ് എട്ടാം ഏഷ്യാ കപ്പ് കിരീടത്തിന് പിന്നാലെ ഏഷ്യൻ ഗെയിംസിലും സ്വർണം നിലനിർത്തി. 2022ലെ ഹാങ്ചൗവിലും സ്വർണം നേടിയ ഇന്ത്യ, ജപ്പാനിലെ നാഗോയയിലും ആധിപത്യം ആവർത്തിച്ചു.
ഇനി ഇന്ത്യയുടെ മുന്നിലുള്ള പരീക്ഷണം 2027ലെ വനിതാ ചാംപ്യന്‍ ട്രോഫിയാണ്. ആദ്യമായി സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 14 മുതൽ 28 വരെ മുംബൈയിലും വഡോദരയിലുമാണ്. ഇന്ത്യയ്ക്കൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളുമുണ്ടാകും. ടൂര്‍ണമെന്‍റ് ടി 20 ഫോർമാറ്റിലായതിനാല്‍ ഏഷ്യാ കപ്പിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യ കാട്ടിയ ടി 20 മികവ് ലോകത്തിലെ മുൻനിര ടീമുകൾക്കെതിരെ വീണ്ടും പരീക്ഷിക്കപ്പെടും.
പരിശീലകന്‍ അമോൽ മസുംദാർ സന്തോഷവാനാണ്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 183 റൺസ് ഉയർത്തി ഇന്ത്യ നേടിയ വിജയം ഒരു സമ്പൂർണ ടീം പ്രകടനമായിരുന്നു. ഷഫാലി വർമ്മ 68, സ്മൃതി മന്ഥന 59 റണ്‍സ് നേടി. ടൂർണമെന്റിൽ 236 റൺസുമായി ഷഫാലി ഇന്ത്യയുടെ പ്രധാന ആക്രമണായുധമായി മാറുകയും ചെയ്തു. ദീപ്തിശര്‍മ, ശ്രീചരണി, ക്രാന്തി ഗൗഡ് തുടങ്ങിയവരുള്‍പ്പെടുന്ന ബോളിങ് നിരയും ലോകത്തര നിലവാരം പുലര്‍ത്തുന്നു.
ബാറ്റിങിലും ബോളിങ്ങിലും ഇന്ത്യയുടെ ആഴം വ്യക്തമാകുന്ന മത്സരങ്ങളാണ് ഏഷ്യാകപ്പിലും ഏഷ്യന്‍ ഗെയിംസിലും കണ്ടത്. ഹർമൻപ്രീത് കൗറിന്റെ അനുഭവവും, റിച്ച ഘോഷിന്റെ വേഗവും യുവതാരങ്ങൾ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും ശ്രദ്ധേയമാണ്.